ദിവസങ്ങളോളം നീണ്ടുനിന്ന മഴയെ തുടർന്ന് ഗുജറാത്തിൻ്റെ വഡോദര ഉൾപ്പെടെയുള്ള പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. 18,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും 300-ലധികം ആളുകളെ പല പ്രദേശങ്ങളിലായി രക്ഷപ്പെടുത്തുകയും ചെയ്തു.
വഡോദര: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ തന്റെ വിലപിടിപ്പുള്ളതെല്ലാം നഷ്ടമായെന്ന് യുവാവ്. വഡോദര സ്വദേശിയാണ് തൻ്റെ മൂന്ന് കാറുകൾ വെള്ളത്തിൽ മുങ്ങിയതായി അറിയിച്ചത്. ചിത്രങ്ങൾ അദ്ദേഹം റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്തു. മാരുതി സുസുക്കി സിയാസ്, ഫോർഡ് ഇക്കോസ്‌പോർട്ട്, 50 ലക്ഷത്തിലധികം വിലയുള്ള ഔഡി എ6 എന്നിവ ഒറ്റരാത്രികൊണ്ട് പെയ്ത കനത്ത മഴയിൽ നശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇനി ജീവിക്കാൻ ഒന്നും ബാക്കിയില്ലെന്നും അദ്ദേഹം കുറിച്ചു.
ദിവസങ്ങളോളം നീണ്ടുനിന്ന മഴയെ തുടർന്ന് ഗുജറാത്തിൻ്റെ വഡോദര ഉൾപ്പെടെയുള്ള പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. 18,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും 300-ലധികം ആളുകളെ പല പ്രദേശങ്ങളിലായി രക്ഷപ്പെടുത്തുകയും ചെയ്തു. ഞായറാഴ്ച ആരംഭിച്ച വെള്ളപ്പൊക്കത്തിൽ 29 പേർ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരിച്ചു. കൂടാതെ, ഓഗസ്റ്റ് 30 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. രക്ഷാ പ്രവർത്തനത്തിനായി സൈന്യവും എൻഡിആർഎഫും രംഗത്തെത്തി. \
അതിനിടെ, ഗുജറാത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. വടക്ക് കിഴക്കൻ അറബികടലിൽ ചുഴലിക്കാറ്റിനും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഗുജറാത്തിലെ സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിലുള്ള അതി തീവ്ര ന്യൂന മർദ്ദം 30ന് രാവിലെയോടെ വടക്ക് കിഴക്കൻ അറബികടലിൽ പ്രവേശിച്ചു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാൻ സാധ്യതയുണ്ടെന്നുമാണ് നിരീക്ഷണം.