കോട്ടയം: പാലായിൽ വിപ്പ് ലംഘിച്ച കൗൺസിലർമാർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്. പരാതികളിൽ വാദം കേൾക്കുന്നതിനായി ഈ മാസം 22ന് നേരിട്ട് ഹാജരാകാനാണ് നിർദേശം. കോൺഗ്രസ് വിട്ട 4 വിമത കൗൺസിലർമാർക്കാണ് നോട്ടീസ് അയച്ചത്. ചെയർപേഴ്സൺ മായാ രാഹുലിനും നോട്ടീസ് ലഭിച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയത്.
എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ ഇവർ പിന്തുണച്ചിരുന്നു. തുടർന്ന് ഡിസിസി പ്രസിഡൻറ് കൂറുമാറ്റ നിരോധന പ്രകാരം പരാതി നൽകുകയായിരുന്നു. നോട്ടീസ് കിട്ടിയവർ കമ്മീഷന് മുൻപാകെ വിശദീകരണം നൽകണം. പരാതിക്കാരുടേയും എതിർകക്ഷികളുടെയും വിശദീകരണം കമ്മീഷൻ കേൾക്കും.
പാലാ നഗരസഭയിൽ ദിയ ബിനു പുളിക്കകണ്ടത്തെ പുറത്താക്കി ചെയർപേഴ്സണായി മായ രാഹുലിനെ തിരഞ്ഞെടുത്തിരുന്നു. എൽഡിഎഫും കോൺഗ്രസ് വിമതരും ഒന്നിച്ചതോടെ 26 കൗൺസിലർമാരിൽ മായയ്ക്ക് 16 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി റിയ ചീരാംകുഴിക്ക് 10 വോട്ടും ലഭിച്ചു. പാലാ മുനിസിപ്പൽ കൗൺസിലിൽ രണ്ടാം ടേമിലും വിജയിച്ച മായാ രാഹുൽ 19-ാം വാർഡിനെയാണ് പ്രതിനിധീകരിക്കുന്നത്. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പുറത്തായത്.






