![](https://sakhionline.in/wp-content/uploads/2025/01/yavika.jpg)
നടന്‍ ഭരത് ഗോപി വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് 17 വര്‍ഷം. മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് ഊടും പാവും നെയ്ത മഹാനടനായിരുന്നു ഭരത് ഗോപി. നാടകത്തിലൂടെ സിനിമയിലെത്തിയ ഗോപി, നടനായും സംവിധായകനായും നിര്‍മ്മാതാവായുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞുനിന്നു. യവനികയിലെ തബലവാദകന്‍ അയ്യപ്പന്‍, കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടി, പഞ്ചവടിപ്പാലത്തിലെ പഞ്ചായത്ത് പ്രസിഡന്റ് ദുശ്ശാസനക്കുറുപ്പ്, പാളങ്ങളിലെ വാസു മേനോന്‍, കാറ്റത്തെ കിളിക്കൂടിലെ പ്രൊഫസര്‍ ഷേക്സ്പിയര്‍ കൃഷ്ണപിള്ള തുടങ്ങി മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങളെയാണ് മലയാളിക്ക് ഭരത്‌ഗോപി സമ്മാനിച്ചത്. (Actor bharat gopi 17th death anniversary)
താരശോഭയേക്കാള്‍ അഭിനയത്തെ സൗന്ദര്യമായി സ്വീകരിച്ച നടനായിരുന്നു ഭരത് ഗോപി. അനായാസമായ ഭാവചലനങ്ങള്‍ കൊണ്ട് അഭിനയകലയ്ക്ക് നവപരിവേഷം നല്‍കി ഗോപി. നാടകരംഗത്തു നിന്നുമാണ് ഭരത് ഗോപി സിനിമയിലെത്തുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തില്‍ തൊഴില്‍രഹിതനായ യുവാവായി വേഷമിട്ട ഗോപി, അടൂരിന്റെ തന്നെ കൊടിയേറ്റത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടി.
ഏതു കഥാപാത്രത്തിനും പാകമായിരുന്നു ഗോപി. എത്ര കണ്ടാലും മതിവരാത്ത ഒരു ചാരുത ഗോപിയുടെ കഥാപാത്രങ്ങള്‍ക്കുണ്ടായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, ജി.അരവിന്ദന്‍, കെ.ജി.ജോര്‍ജ്, പത്മരാജന്‍, ഭരതന്‍ തുടങ്ങി പ്രഗത്ഭ സംവിധായകരെല്ലാം തന്നെ ഗോപിയിലെ പ്രതിഭയെ അറിഞ്ഞ് ഉപയോഗിച്ചു. ദേശീയ പുരസ്‌കാരത്തിനു പുറമേ, മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നാല് തവണ ഭരത് ഗോപിയെ തേടിയെത്തി. പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു. വിടവാങ്ങി വര്‍ഷങ്ങള്‍ കഴിയുമ്പോഴും, മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത അഭിനയപ്രതിഭയായി തന്നെ ഭരത് ഗോപി ഓര്‍മ്മിക്കപ്പെടും.