
ഒരു അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധവും കരുതലും പ്രമേയമാക്കി ഫ്‌ളവേഴ്‌സ് ഒരുക്കിയ ടെലിഫിലിമാണ് ‘താര’. അമ്മ കൂടെയില്ലെന്ന ചിന്ത മകളിൽ ഒരു നിമിഷം പോലും ഉണ്ടാക്കാതെ അവളുടെ നിഴലായി ആ അച്ഛൻ മാറുന്നു. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതെപോകുന്ന താര കൂട്ടുകാർക്കിടയിലും അധ്യാപകർക്കിടയിലും ഒറ്റപ്പെടുന്നു. പിന്നീട് അച്ഛൻ രാജീവ് നൽകുന്ന സ്നേഹവും ലാളനയും കൊണ്ട് താര ആത്മ ധൈര്യത്തോടുകൂടി തളരാതെ മുന്നോട്ട് പോകുന്നതാണ് ചിത്രം പറഞ്ഞുപോകുന്നത്.
ശിശുദിനത്തിൽ ഫ്ളവേഴ്സിലൂടെയാണ് താരയുടെ ആദ്യ സംപ്രേഷണം നടന്നത്.ഒരു മണിക്കൂർ ദൈർഘ്യമുള്ള ടെലിഫിലിമിന്റെ കഥയും സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചത് ഫ്ളവേഴ്സ് D.O.P ബിജു കെ കൃഷ്ണനാണ്.ജസ്റ്റിൻ മാത്യുവിന്റേതാണ് തിരക്കഥ. പ്രശസ്ത സംഗീത സംവിധായകൻ ശരത്തിന്റെ സംഗീതത്തിലൂടെയാണ് താരയുടെ ദൃശ്യങ്ങൾ മനസ്സിൽ പതിയുന്നത്. ഫ്‌ളവേഴ്‌സ് ഓഡിയോ വിഭാഗം ഹെഡ് ടിജോ സെബാസ്ട്യനാണ് സൗണ്ട് മിക്‌സിംഗിന് പിന്നിൽ. പ്രിയരാജ് ഗോവിന്ദരാജ്, ദുർഗ്ഗ പ്രേംജിത്ത് എന്നിവരാണ് താരയിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.