
കേരളവും തമിഴ്‌നാടും ബിജെപിയിൽനിന്ന് ഭീഷണി നേരിടുകയാണെന്നും അതിനെ ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. പുരോഗമന ശക്തികളുടെ സ്വാധീനം മൂലമാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഫാഷിസ്റ്റ് ശക്തികൾക്ക് ഇടം ലഭിക്കാത്തതെന്നും ഉദയനിധി പറഞ്ഞു.
കേരളവുമായി തമിഴ്‌നാടിന് വളരെ മുമ്പ് തന്നെ അടുപ്പമുണ്ട്. ഫാസിസത്തിനെതിരെ കേരളവും തമിഴ്‌നാടും പൊരുതുന്നു. തമിഴ് വ്യക്തിത്വത്തിന്റെ കേന്ദ്രം ദ്രാവിഡ മൂവ്‌മെന്റാണ്. സാമൂഹിക മാറ്റത്തിനുള്ള ഉപാധിയായാണ് അത് ഭാഷയെയും സാഹിത്യത്തെയും കണ്ടതെന്നും ഉദയനിധി പറഞ്ഞു.
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു സംസ്‌കാരം’ എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കേന്ദ്രീകൃത പരീക്ഷകളെ ഡിഎംകെ എതിർക്കും. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതും സംസ്‌കൃതത്തിന് പ്രാധാന്യം നൽകുന്നതും ഡിഎംകെ ശക്തമായി എതിർക്കും.