കാസർഗോഡ് എൽ.പി വിദ്യാർത്ഥികൾക്കുള്ള ഫ്രീഡം ക്വിസിൽ സവർക്കറേ പുകഴ്ത്തിയുള്ള ചോദ്യം വന്നതിൽ പ്രതിഷേധം ശക്തം. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ ചോദ്യാവലിയിലാണ് വിവാദം. സംഭവത്തിൽ മന്ത്രി എൻ ഷംസുദീൻ റിപ്പോർട്ട് തേടി. കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ എൽ.പി തലത്തിൽ നടത്തിയ ഫ്രീഡം ക്വിസ് ചോദ്യവലിയാണ് വിവാദത്തിലായത്.
ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യവും ഉത്തരമായി വി ഡി സവർക്കർ എന്നുമാണ് നൽകിയത്. ടൈ ബ്രേക്കർ ചോദ്യമായാണ് ഇത് ഉൾപ്പെടുത്തിയത്. ചരിത്രം വളച്ചൊടിച്ചു വിദ്യാർത്ഥികളെ.പഠിപ്പിക്കാൻ ഉള്ള ശ്രമം ആണെന്നും നടപടി എടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ഡി വൈ എഫ് ഐ.
സംഭവത്തിൽ എം എസ് എഫ് ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്കും ഡി ഡി ഇ ക്കും പരാതി നൽകി. സംഘപരിവാറിന് സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിത്തമുണ്ടാക്കാൻ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നുവെന്നാണ് എസ് എഫ് ഐ ആരോപണം. അതേ സമയം സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. എഇഒമാരോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് തേടി.






