തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിൽ മറുപടിയുമായി കെഎസ്ഇബി മുൻ ചെയർമാൻ ബി അശോക്. പിണറായി വിജയൻ്റെ വിമർശനം ഓർമ്മ പിശക് കൊണ്ട് ആയിരിക്കാം എന്ന് ബി അശോക് ട്വന്റിഫോറിനോട് വ്യക്തമാക്കി. ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിൽ ഉദ്യോഗസ്ഥ വീഴ്ച ഇല്ല. കരാറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മുന്നിലുണ്ട്. വസ്തുതകൾ മനസ്സിലാക്കാതെയാണ് ദീർഘകാല കരാർ റദ്ദാക്കിയതിൽ പ്രതിപക്ഷ നേതാവിന്റെ വിമർശനം എന്നും ബി അശോക് വിമർശിച്ചു.
പ്രായമായതുകൊണ്ട് നമുക്കെല്ലാവർക്കും സംഭവിക്കുന്നത് തന്നെ ആയിരിക്കാം പ്രതിപക്ഷ നേതാവിനും സംഭവിച്ചത്. ഉദ്യോഗസ്ഥരുടെ ചുമലിൽ പഴിചാരി രക്ഷപ്പെടാനുള്ള വിരുത് ആണിത്. ചത്ത കുഞ്ഞ് ജീവിച്ചിരുന്നുവെങ്കിൽ ഞാൻ ജാതകം എഴുതിയേനെ എന്നു പറയുന്നതിൽ എന്ത് കാര്യം. കേരളത്തിൽ നടക്കാത്ത കാര്യത്തെക്കുറിച്ച് ചൊറിഞ്ഞ് ഇരുന്നിട്ട് എന്ത് കാര്യമെന്നും ബി അശോക് ചോദിച്ചു.
സോളാർ സംഭരിച്ച് രാത്രി ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കാത്തത് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പരോക്ഷമായി പ്രതിപക്ഷ നേതാവ് പറയുന്നത് താനായിരുന്നു സർക്കാർ എന്നാണ്. അത്തരം ഒരു ബഹുമതി തനിക്ക് വേണ്ടെന്നും ബി അശോക് വ്യക്തമാക്കി. കൃത്രിമമായി വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് കെ.എസ്.ഇ.ബിയെ പ്രതിസന്ധിയിലാക്കാനും തുടർന്ന് കേരളത്തിന്റെ വൈദ്യുതി മേഖലയെ സ്വകാര്യ കുത്തകൾക്ക് അടിയറവ് വെക്കാനുമാണ് യു.ഡി.എഫ് സർക്കാർ നീക്കം നടത്തുന്നതെന്ന് പിണറായി വിജയൻ ഇന്നലെ വിമർശനം ഉന്നയിച്ചിരുന്നു.
ധവളപത്രത്തിൽ ഉൾപ്പെടെ സർക്കാരിന്റെ ഈ സ്വകാര്യവൽക്കരണ റൂട്ട് മാപ്പ് വ്യക്തമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.യാതൊരു മുന്നറിയിപ്പുകളോ സമയക്രമമോ ഇല്ലാതെ സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തിയത് സർക്കാരിന്റെ കടുത്ത കെടുകാര്യസ്ഥതയും ഭരണപരമായ പരാജയവുമാണ്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പീക്ക് ഡിമാൻഡ് 6100 മെഗാവാട്ട് വരെ ഉയർന്നപ്പോഴും പവർകട്ട് ഇല്ലാതെ മാനേജ് ചെയ്തിരുന്നു. എന്നാൽ നിലവിൽ ഡിമാൻഡ് 4800-4900 MW ആയി കുറഞ്ഞിട്ടും ജനങ്ങൾക്ക് ആവശ്യത്തിന് വൈദ്യുതി നൽകാൻ സർക്കാരിന് കഴിയുന്നില്ല.
സർക്കാരിന്റെ ഈ പിടിപ്പുകേട് മറച്ചുവെക്കാനാണ് മുൻ എൽഡിഎഫ് സർക്കാരിന് മേൽ കുറ്റം ചാരുന്നതെന്നും അദ്ദേഹം വിമർശിച്ചു.2015-ൽ മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് റെഗുലേറ്ററി കമ്മീഷന്റെയോ സർക്കാരിന്റെയോ അനുമതിയില്ലാതെ ഒപ്പിട്ട കരാറിലെ നിയമപ്രശ്നങ്ങളാണ് അത് റദ്ദാക്കാൻ കാരണം. പിന്നീട് വന്ന എൽഡിഎഫ് സർക്കാർ ഈ കരാർ പുനഃസ്ഥാപിക്കാൻ സുപ്രീം കോടതി വരെ നിയമപോരാട്ടം നടത്തി. എന്നാൽ അന്നത്തെ ബോർഡ് ചെയർമാൻ അടക്കമുള്ള ഉദ്യോഗസ്ഥ-റെഗുലേറ്ററി തലങ്ങളിലാണ് ഈ കരാർ വേണ്ടെന്നുവെച്ചത്.
എൽഡിഎഫ് സർക്കാർ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയും മറ്റ് സംസ്ഥാനങ്ങളുമായി സ്വാപ്പിംഗ് കരാറുകൾ ഉണ്ടാക്കിയുമാണ് പ്രതിസന്ധികൾ മറികടന്നത്.രാജ്യത്തെ 60 ശതമാനത്തോളം വൈദ്യുതി ഉൽപ്പാദനവും അദാനി, അംബാനി, ടാറ്റ തുടങ്ങിയ സ്വകാര്യ കുത്തകകളുടെ കൈകളിലാണ്. അവർക്ക് കൊള്ളലാഭം ഉണ്ടാക്കിക്കൊടുക്കാൻ വേണ്ടിയാണ് ഇത്തരം വൈദ്യുതി പ്രതിസന്ധികൾ സൃഷ്ടിക്കപ്പെടുന്നത്. അയൽ സംസ്ഥാനമായ കർണാടകയിൽ നിന്നുപോലും ഒരു ഉഭയകക്ഷി കരാർ ഉണ്ടാക്കാൻ പരാജയപ്പെട്ട യുഡിഎഫ് സർക്കാർ, ജനങ്ങളെ ദുരിതത്തിലാക്കി സ്വകാര്യ മേഖലയെ രക്ഷകരായി അവതരിപ്പിക്കാനാണ് അണിയറയിൽ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു







