കോഴിക്കോട്: കേരള സ്കൂൾ കായികമേളയിലെ ഉദ്ഘാടനചടങ്ങിനിടെ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ എം പിയെ അപമാനിച്ചെന്ന് ആരോപണം. കോഴിക്കോട് ചാത്തമംഗലം എൻഐടി സ്റ്റേഡിയത്തിലെ ഉദ്‌ഘാടനച്ചടങ്ങിനിടെയായിരുന്നു നാടകീയ രംഗങ്ങൾ. ദീപശിഖ തെളിയിക്കേണ്ട പി ടി ഉഷയെ മാറ്റിനിർത്തി മുഖ്യമന്ത്രി വി ഡി സതീശൻ പീഠത്തിൽ തീ പകർന്നത് സ്പോർട്സ് കോഡിന്റെ ലംഘനമാണെന്ന് അസോസിയേഷൻ കേരള ഓഫീസ് വിദ്യഭ്യാസമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
ദീപം കൊളുത്താൻ മുന്നോട്ടുനീങ്ങവേ, വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ ദീപശിഖ മുഖ്യമന്ത്രിക്ക് കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു. പി ടി ഉഷയെ അപമാനിച്ചത് ശരിയല്ല എന്ന് അസോസിയേഷൻ കേരള ഓഫീസ് അറിയിച്ചു. സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ദീപശിഖ തെളിയിക്കാൻ ഔദ്യോഗികമായി ക്ഷണം ലഭിച്ചത് കൊണ്ടാണ് തിരക്കുകൾക്കിടയിൽ നിന്ന് ജബൽപുരിൽനിന്ന് പി ടി ഉഷ വന്നതെന്നും സംഘാടകരുടെ ഗുരുതരപിഴവിൽ വിദ്യാഭ്യാസ മന്ത്രി മാപ്പ് പറയണം എന്നും ബിജെപി നേതാവ് അഡ്വക്കേറ്റ് വി കെ സജീവൻ ആവശ്യപ്പെട്ടു.






