ഇന്ത്യ, ഖത്തർ ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട വിദേശകാര്യ ഓഫിസ് സമിതിയുടെ അഞ്ചാമത് യോഗം ദോഹയിൽ ചേർന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിലെ കോൺസുലാർ, പാസ്പോർട്ട്, വിസ ചുമതലയുള്ള സെക്രട്ടറി അരുൺ കുമാർ ചാറ്റർജി, ഖത്തർ വിദേശകാര്യമന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ഹസൻ അൽ ഹമ്മാദി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.
ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി സൗഹൃദം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് വിവിധ വിഷയങ്ങളും, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും കാര്യങ്ങളും യോഗത്തിൽ ചർച്ചയായി. ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര, നിക്ഷേപ, ഊർജ, വിദ്യാഭ്യാസ, സാംസ്കാരിക വിഷയങ്ങൾ അവലോകനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന്റെയും ദോഹ സന്ദർശനവും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുമായുള്ള കൂടിക്കാഴ്ചയുമെല്ലാം വിശകലനം ചെയ്തു. ഇന്ത്യൻ അംബാസഡർ വിപുൽ, എംബസി ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ പങ്കെടുത്തു. ഫോറിൻ ഓഫിസ് കൺസൽട്ടേഷൻ അടുത്ത യോഗത്തിന് ന്യൂഡൽഹി വേദിയാകും.