ഛത്രപതി ശിവജിയുടെ പുത്രൻ സംഭാജി മഹാരാജായി വിക്കി കൗശലിനെ അവതരിപ്പിക്കുന്ന ചിത്രം,
ബാഡ് ന്യൂസിൻ്റെ വിജയത്തിന് ശേഷം ഛാവ എന്ന ചിത്രത്തില്‍ ഇതിഹാസ മറാത്ത യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജായി വിക്കി കൗശൽ ബിഗ് സ്ക്രീനിലേക്ക്. ലക്ഷ്മൺ ഉടേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്.യുദ്ധക്കളത്തില്‍ ഏകനായി പോരടിക്കുന്ന ഛത്രപതി സംഭാജി മഹാരാജായി വിക്കിയെ ടീസറില്‍ കാണാം.
ഒരു നദീതീരത്തെ കോട്ടയ്ക്ക് പുറത്ത് നടക്കുന്ന തീവ്രമായ യുദ്ധ രംഗത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. തുടര്‍ന്ന് സ്ക്രീനിൽ വിക്കി യുദ്ധ കവചം ധരിച്ച് കുതിരപ്പുറത്ത് കുതിക്കുന്നത് കാണാം.ഈ സമയത്ത് “ഞങ്ങൾ ഛത്രപതി ശിവജി മഹാരാജിനെ സിംഹമെന്നും ഛാവയെ സിംഹകുട്ടിയെന്നും വിളിക്കുന്നു” എന്ന വോയ്സ് ഓവര്‍ കേള്‍ക്കാം.
തുടര്‍ന്നുള്ള ദൃശ്യങ്ങളില്‍ ശത്രുകളുടെ വലിയൊരു സംഘത്തിനോട് പോരാടുകയാണ്. ടീസറിൽ അക്ഷയ് ഖന്നയുടെ ലുക്കും വെളിപ്പെട്ടിട്ടുണ്ട്, ഈ ചിത്രത്തില്‍ അദ്ദേഹം ഔറംഗസേബായാണ് പ്രത്യക്ഷപ്പെടുന്നത്. വിക്കിയുടെ ഛത്രപതി സംഭാജി മഹാരാജ് ഒരു സിംഹാസനത്തിൽ ഗംഭീരമായി ഇരിക്കുന്നതോടെയാണ് ടീസർ അവസാനിക്കുന്നത്.
തിങ്കളാഴ്ച നേരത്തെ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. വിക്കിയുടെ കഥാപാത്രം ശത്രുക്കളാൽ ചുറ്റപ്പെട്ട നിലയിലാണ്.മഡോക്ക് ഫിലിംസിൻ്റെ ബാനറിൽ സ്ട്രീ 2 നിർമ്മാതാവ് ദിനേശ് വിജനാണ് ഛാവ നിർമ്മിക്കുന്നത്.
ഓസ്കാർ ജേതാവായ സംഗീതസംവിധായകൻ എ.ആർ. റഹ്മാനാണ് ഈ ചരിത്ര സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. വിക്കി കൗശൽ, അക്ഷയ് ഖന്ന, രശ്മിക മന്ദാന എന്നിവർക്കൊപ്പം അശുതോഷ് റാണ, ദിവ്യ ദത്ത, സുനിൽ ഷെട്ടി എന്നിവരും ചിത്രത്തിലുണ്ട്. ഛാവ ഡിസംബർ 6ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.