കഴിഞ്ഞ ആഴ്ച മുതൽ ബോളിവുഡിലെ പ്രധാന വാര്‍ത്ത പൂജ എന്‍റര്‍ടെയ്മെന്‍റ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ 250 കോടി രൂപയുടെ കടവും അതുണ്ടാക്കിയ വാര്‍ത്തകളുമാണ്. ചില റിപ്പോർട്ടുകൾ പ്രകാരം അക്ഷയ് കുമാറിന്‍റെ നാല് സിനിമകൾക്കായി പ്രൊഡക്ഷന്‍ കമ്പനി 165 കോടി രൂപ നൽകിയെന്ന വിവരമാണ് പുറത്തുവന്നത്. എന്നാല്‍ ഇപ്പോള്‍ നിർമ്മാതാവ് സുനീൽ ദർശൻ ആ റിപ്പോർട്ട് തള്ളിക്കളഞ്ഞിരിക്കുകയാണ്. ഈ കണക്ക് ടൈഗർ ഷ്റോഫിന്‍റെ കാര്യത്തിലാണ് എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തുന്നത്.
ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് അക്ഷയ് കുമാറിന്‍റെ പ്രതിഫലത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളോടാണ് സുനിൽ പ്രതികരിച്ചത്. “നിങ്ങൾ സൂചിപ്പിച്ച കണക്ക് കൃത്യമല്ലെന്ന് മാത്രം ഞാന്‍ പറയുന്നു കൂടുതല്‍ വെളിപ്പെടുത്താന്‍ പറ്റില്ല. എന്നാല്‍ ഇത് ടൈഗർ ഷ്‌റോഫിന്‍റെ പ്രതിഫലവുമായി കൂടുതൽ സാമ്യമുള്ളതായി തോന്നുന്നു” സുനിൽ പ്രതികരിച്ചു.
ജാക്കി ഭഗ്നാനിയുടെയും അച്ഛൻ വാഷു ഭഗ്നാനിയുടെയും പൂജ എന്‍റര്‍ടെയ്മെന്‍റ് നിർമ്മിച്ച രണ്ട് ചിത്രങ്ങളിൽ ടൈഗർ ഷെറോഫ് പ്രവർത്തിച്ചിരുന്നു. ബഡേ മിയാൻ ചോട്ടെ മിയാൻ, ഗണപത്. രണ്ട് ചിത്രങ്ങളും വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങിയെങ്കിലും ബോക്‌സ് ഓഫീസിൽ വന്‍ പരാജയമായിരുന്നു. അക്ഷയ് കുമാര്‍ പൂജയുടെ ബാനറിൽ അദ്ദേഹം നാല് ചിത്രങ്ങൾ ചെയ്തിട്ടുണ്ട് -ബഡേ മിയാൻ ഛോട്ടെ മിയാൻ, ബെൽ ബോട്ടം, മിഷൻ റാണിഗഞ്ച്, കട്ട്പുട്ലി.
ടൈഗര്‍ ഷെറോഫിന് 165 കോടിയുണ്ടെങ്കിൽ എത്ര രൂപ അക്ഷയ് കുമാറിന് അധികം നൽകേണ്ടിവരും എന്നത് സുനിലിനോട് ചോദിച്ചു. അതിന് അദ്ദേഹം പറഞ്ഞു, “അതിനെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഞാൻ ഇത് പറയും. 1990 കളിൽ ഡേവിഡ് ധവാനുമായി ഏകദേശം അര ഡസനോളം സിനിമകളിൽ സഹകരിച്ച വാഷു ഭഗ്നാനി അന്ന് വലിയ വിജയങ്ങള്‍ നേടിയിരുന്നു. എന്നാല്‍ ആ രീതി മാറ്റേണ്ട കാലമാണ് വരുന്നത്. ഇത്തരത്തില്‍ മാറ്റം അവരുടെ സിനിമാ ശ്രമങ്ങളെ ശരിയായ പാതയിൽ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു ” സുനില്‍ പറഞ്ഞു.
നേരത്തെ ബഡേ മിയാൻ ഛോട്ടെ മിയാൻ ചിത്രങ്ങള്‍ അടക്കം നാല് ചിത്രങ്ങള്‍ ബോക്സോഫീസില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന വാഷു ഭഗ്നാനി തന്‍റെ ഓഫീസ് വില്‍ക്കുകയും 80 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടുവെന്നും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ പിന്നീട് ഇത് നിഷേധിച്ച് നിര്‍മ്മാതാവ് രംഗത്ത് വന്നിരുന്നു.