വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയ ചിത്രം
കോളിവുഡില്‍ നിന്ന് ഈ വര്‍ഷം എത്താനുള്ള സൂപ്പര്‍സ്റ്റാര്‍ ബിഗ് സ്കെയില്‍ ചിത്രങ്ങളിലെ ആദ്യ എന്‍ട്രി. ഷങ്കര്‍- കമല്‍ ഹാസന്‍ ടീമിന്‍റെ ഇന്ത്യന്‍ 2 റിലീസിനുവേണ്ടി സിനിമാമേഖലയില്‍ വലിയ കാത്തിരിപ്പ് ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട നിര്‍മ്മാണത്തിനൊടുവില്‍ ജൂലൈ 12 നാണ് ചിത്രം പ്രേക്ഷകസമക്ഷം എത്തിയത്. എന്നാല്‍ എത്ര ഹൈപ്പോടെയാണോ എത്തിയത് അത്രത്തോളം നെഗറ്റീവ് റിവ്യൂസും ട്രോളുകളുമാണ് ചിത്രത്തിന് ആദ്യദിനം നേരിടേണ്ടിവന്നത്. ബിഗ് ബജറ്റിലെത്തിയ ചിത്രത്തിന്റെ കളക്ഷനെ ഇത് എത്തരത്തിലാണ് ബാധിച്ചത്? നോക്കാം.
ഭേദപ്പെട്ട അഡ്വാന്‍സ് ബുക്കിംഗോടെയാണ് ചിത്രം വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയത്. അതിനാല്‍ത്തന്നെ നെഗറ്റീവ് അഭിപ്രായങ്ങള്‍ പരന്ന ആദ്യ ദിവസം ചിത്രം മികച്ച രീതിയില്‍ കളക്റ്റ് ചെയ്യാന്‍ ചിത്രത്തിന് സാധിച്ചു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 30.25 കോടിയാണ് ചിത്രം വെള്ളിയാഴ്ച ഇന്ത്യയില്‍ നിന്ന് നേടിയത്. എന്നാല്‍ രണ്ടാം ശനി ആയിട്ടുകൂടി തൊട്ടുപിറ്റേന്ന് കളക്ഷന്‍ കുറഞ്ഞു. 21.1 കോടിയാണ് ശനിയാഴ്ച ചിത്രം നേടിയത്. അതായത് 29 ശതമാനത്തോളം ഇടിവ്.
ഒരു റിലീസ് ചിത്രത്തിന് ഓപണിംഗ് കഴിഞ്ഞാല്‍ ഏറ്റവും മികച്ച കളക്ഷന്‍ വരാന്‍ സാധ്യതയുള്ള ഞായറാഴ്ച ഇത് വീണ്ടും ഇടിഞ്ഞു. 17.8 കോടിയാണ് ലഭ്യമായ കണക്കനുസരിച്ച് ചിത്രത്തിന്‍റെ ഞായറാഴ്ചയിലെ കളക്ഷന്‍. അങ്ങനെ ആദ്യ വാരാന്ത്യത്തില്‍ ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് നേടാന്‍ സാധിച്ചത് 69.15 കോടിയാണ്. എന്നാല്‍ ഈ ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട് ചിത്രം. 40 കോടി വിദേശത്തുനിന്ന് നേടിയതോടെയാണ് ഇത്. അങ്ങനെ ഇന്ത്യന്‍ 2 ന്‍റെ ആദ്യ 3 ദിനങ്ങളിലെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 109.15 കോടിയിലെത്തി നില്‍ക്കുന്നു.
250 കോടി നിര്‍മ്മാണച്ചെലവുള്ള ചിത്രമാണ് ഇന്ത്യന്‍ 2 എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ത്തന്നെ ബോക്സ് ഓഫീസ് റിക്കവറിക്ക് ഇപ്പോഴത്തെ കളക്ഷന്‍ വേഗം പോരാതെവരും.