റിലീസ് ചെയ്ത് അഞ്ച് ദിവസത്തിൽ അൻപത് കോടി ക്ലബ്ബിൽ ഇടം നേടിയ സിനിമ.
ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചലച്ചിത്രം അജയന്റെ രണ്ടാം മോഷണം മൂന്നാം വാരത്തിലേക്ക്. ഇക്കാര്യം ചൂണ്ടിക്കാട്ടി പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. ‘പുത്തൻ റിലീസുകൾക്കിടയിലും പ്രേക്ഷകരുടെ നമ്പർ വൺ ചോയ്സ്’, എന്നാണ് പോസ്റ്ററിലെ ക്യാപ്ഷൻ. കേരളത്തിൽ മാത്രം 250ഓളം സ്ക്രീനുകളിലാണ് ജിതിൻ ലാൽ ചിത്രം പ്രദർശിപ്പിക്കുന്നത്.
പൂർണമായും ത്രീഡിയിൽ ഒരുങ്ങിയ അജയന്റെ രണ്ടാം മോഷണം റിലീസ് ദിനം മുതൽ മികച്ച കളക്ഷനാണ് നേടി കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിൽ അൻപത് കോടി ക്ലബ്ബിൽ ഇടം നേടിയ സിനിമ എൺപത്ത് ഏഴ് കോടി രൂപ കളക്ട് ചെയ്തുവെന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. മുപ്പത് കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ചിത്രത്തില്‍ മൂന്ന് റോളുകളില്‍ ആയിരുന്നു ടൊവിനോ എത്തിയത്.
മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം കുടുംബങ്ങളും കുട്ടികളും ഒരുപോലെ സ്വീകരിച്ച ത്രീഡി മലയാള ചിത്രമായിരിക്കുകയാണ് എആർഎം. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് എആർഎമ്മിന്റെ ചായാഗ്രഹണം നിർവഹിച്ചത്. മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അജയന്റെ രണ്ടാം മോഷണം നിർമിച്ചത്.