പാര്‍ത്ഥിപനെതിരെ സ്റ്റുഡിയോ ഉടമ കോടതിയെയും സമീപിച്ചിരിക്കുകയാണ്
നടന്‍ എന്നതിനൊപ്പം സംവിധായകനായും തിളങ്ങിയിട്ടുള്ള തമിഴ് താരമാണ് രാധാകൃഷ്‍ണന്‍ പാര്‍ഥിപന്‍. ഒത്ത സെരുപ്പ് സൈസ് 7 അടക്കം സംവിധാനം ചെയ്ത നിരവധി ചിത്രങ്ങള്‍ വലിയ പ്രേക്ഷകപ്രീതിയും ഒപ്പം പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ടീന്‍സ് ജൂലൈ 12 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ വിഎഫ്എക്സ് കരാര്‍ നല്‍കിയ സ്റ്റുഡിയോയ്ക്കെതിരെ പൊലീസില്‍ പരാതിയുമായി എത്തിയിരിക്കുകയാണ് പാര്‍ത്ഥിപന്‍.
ടീന്‍സ് എന്ന ചിത്രത്തിന്‍റെ വിഎഫ്എക്സ് ജോലികള്‍ പൂര്‍ത്തീകരിക്കാനായി കോയമ്പത്തൂരിലെ റിയല്‍വര്‍ക്സ് സ്റ്റുഡിയോയുമായി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 68.54 ലക്ഷത്തിന്‍റെ കരാറില്‍ ഒപ്പിട്ടിരുന്നെന്നും എന്നാല്‍ അവര്‍ പറഞ്ഞിരുന്ന സമയത്ത് ജോലി പൂര്‍ത്തീകരിച്ചില്ലെന്നുമാണ് പാര്‍ത്ഥിപന്‍റെ പരാതി. 42 ലക്ഷം അഡ്വാന്‍സ് ആയി നല്‍കിയിരുന്നെന്നും ഫെബ്രുവരി 10 നും 20 നും ഇടയില്‍ ജോലികള്‍ പൂര്‍ത്തീകരിച്ച് നല്‍കണമെന്നായിരുന്നു കരാറെന്നും പാര്‍ത്ഥിപന്‍റെ പരാതിയിലുണ്ട്. അത് സ്റ്റുഡിയോ ഉടമ ശിവപ്രസാദ് വേലായുധന്‍ പാലിച്ചില്ലെന്നും. ഈ പരാതിയിന്മേല്‍ കോയമ്പത്തൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണെന്ന് ഇന്ത്യഗ്ലിറ്റ്സ് തമിഴ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം പാര്‍ത്ഥിപനെതിരെ ശിവപ്രസാദ് വേലായുധന്‍ ചെന്നൈയിലെ സിവില്‍ കോടതിയെയും സമീപിച്ചിട്ടുണ്ട്. “ടീന്‍സ് എന്ന സിനിമയുടെ വിഷ്വല്‍ എഫക്റ്റ്സ് ഞങ്ങളാണ് ചെയ്തത്. ലിയോ, മാസ്റ്റര്‍, വിക്രം അടക്കം നിരവധി ചിത്രങ്ങളും ഞങ്ങള്‍ മുന്‍പ് ചെയ്തിട്ടുണ്ട്. ടീന്‍സിലെ നിരവധി രംഗങ്ങള്‍ക്ക് വിഎഫ്എക്സ് ചെയ്യേണ്ടിയിരുന്നു. ജോലിഭാരം കൂടുതലായിരുന്നതുകൊണ്ടാണ് പണി സമയത്ത് പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നത്. പൊലീസിന്‍റെയും പാര്‍ത്ഥിപന്‍റെ സുഹൃത്തുക്കളുടെയും ഭാഗത്തുനിന്ന് ഇതിനായി സമ്മര്‍ദ്ദമുണ്ടായിരുന്നു. വിഎഫ്എക്സ് ജോലികള്‍ 32 ലക്ഷം രൂപയ്ക്ക് മറ്റൊരു സ്ഥാപനത്തിന് ഞങ്ങള്‍ ഔട്ട്സോഴ്സ് ചെയ്തിരുന്നു. മൂന്ന് മാസമായി എന്‍റെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും എനിക്ക് കഴിഞ്ഞിട്ടില്ല”, ശിവപ്രസാദ് പറയുന്നു. ശിവപ്രസാദിന്‍റെ പരാതി ഒന്‍പതാം തീയതി കോടതി പരിഗണിക്കും.