വിവാദ സംഭവത്തിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു നടന്‍.
സംഗീതഞ്ജന്‍ രമേഷ് നാരായണുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ ആസിഫ് അലി. തന്‍റെ പ്രശ്നങ്ങള്‍ തന്‍റേത് മാത്രമാണെന്ന് ആസിഫ് പറഞ്ഞു. സംഭവത്തില്‍ പ്രതികരിക്കണ്ട എന്നാണ് കരുതിയതെന്നും രമേഷ് നാരായണിനെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയ്ന്‍ കണ്ടത് കൊണ്ടാണ് ഇപ്പോള്‍ രംഗത്ത് വന്നതെന്നും നടന്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്നും ആസിഫ് പറഞ്ഞു. വിവാദ സംഭവത്തിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു നടന്‍.
ആസിഫ് അലിയുടെ വാക്കുകള്‍ ഇങ്ങനെ
തുടർ സംസാരം വേണ്ടെന്നു വെച്ചത് ആണ്. എന്നാൽ രമേശ് നാരായണ്‍ സാറിനെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയ്ന്‍ കാണുന്നത് കൊണ്ടാണ് സംസാരിക്കാൻ തയ്യാറാകുന്നത്. തനിക് വിഷമമോ പരിഭവമോ ഇല്ല. അദ്ദേഹത്തിന്‍റെ പേര് തെറ്റി വിളിച്ചു, ആദ്യം വിളിക്കാനും മറന്നു. സ്വാഭാവിക പിരിമുറുക്കം അദ്ദേഹത്തിന് ഉണ്ടായിരിക്കാം. എനിക്ക് അതില്‍ വേറെ ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിട്ടില്ല. മതപരമായി വരെ ചർച്ചകൾ ഉയർന്നു. ഇന്ന് രാവിലെ അദ്ദേഹവുമായി ഞാന്‍ ഫോണിൽ സംസാരിച്ചിരുന്നു. മോനെ പ്ലീസ് കോൾ ബാക്ക് എന്നൊരു മെസ്സേജ് രമേഷ് സാർ അയച്ചു. ശബ്ദം ഇടറുന്നത് ആയി തോന്നി. അതെനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കി. അത്രയും സീനിയര്‍ ആയിട്ടുള്ള അദ്ദേഹത്തെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന അവസ്ഥവരെ കൊണ്ടേത്തിച്ചു അത്. അദ്ദേഹത്തെ പോലെ ഒരാൾ ക്ഷമ പറയേണ്ടത് ഇല്ല. സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച പിന്തുണയില്‍ അതിയായ സന്തോഷം ഉണ്ട്. പക്ഷേ അദ്ദേഹത്തിന് എതിരെ ഹേറ്റ് ക്യാമ്പയ്ന്‍ നടക്കുന്നതിനോട് എനിക്ക് ഒട്ടും താല്പര്യം ഇല്ല. അദ്ദേഹം മനഃപൂർവം അങ്ങനെ ചെയ്തത് അല്ല. അങ്ങനെ ചെയ്യുന്ന ആളുമല്ല. ഒരു കലാകാരനും അങ്ങനെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എതിരെ നില്‍ക്കുന്നവന്‍റെ മനസൊന്ന് അറിയാന്‍ ശ്രമിച്ചാല്‍ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ. അദ്ദേഹത്തിന് ആ മൊമന്‍റില്‍ ഉണ്ടായ എന്തോ ഒരു ടെന്‍ഷന്‍ ആയിരിക്കണം അത്. അത്രയും സീനിയര്‍ ആയിട്ടുള്ള ഒരാള്‍ ഞാന്‍ കാരണം വിഷമിക്കാന്‍ പാടില്ല. അദ്ദേഹം എന്നെ അപമാനിച്ചതായി എനിക്ക് ഫീല്‍ ചെയ്തിട്ടില്ല. വീണ്ടും പറയുകയാണ് രമേഷ് സാറിന് എതിരെ ഒരു ക്യാമ്പയ്ന്‍ നടക്കുന്നുണ്ടെങ്കില്‍ അത് ഇതോടെ അവസാനിക്കണം.