നിഖിൽ സിദ്ധാർത്ഥയുടെ കാർത്തികേയ 2 മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് നേടിയതാണ് തെലുങ്ക് സിനിമയ്ക്ക് കിട്ടിയ അവാര്‍ഡ്.
ഹൈദരാബാദ്: 2022-ലെ 70-ാമത് ദേശീയ അവാർഡുകൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നിഖിൽ സിദ്ധാർത്ഥയുടെ കാർത്തികേയ 2 മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് നേടിയതാണ് തെലുങ്ക് സിനിമയ്ക്ക് കിട്ടിയ അവാര്‍ഡ്. കഴിഞ്ഞ തവണ നടന്‍ അല്ലു അര്‍ജുന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാത്രമല്ല ഗാനത്തിനുള്ള അവാര്‍ഡുകളും തെലുങ്ക് നേടിയിരുന്നു. എന്നാല്‍ ഇത്തവണ വലിയ അവാര്‍ഡുകള്‍ ഒന്നും ലഭിച്ചില്ല.
ചന്തു മുണ്ടേടി സംവിധാനം ചെയ്ത കാർത്തികേയ 2 2022 ലെ തെലുങ്ക് സിനിമയിലെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഒരു മിത്തോളജിക്കല്‍ അഡ്വഞ്ചര്‍ ചിത്രമായിരുന്നു ഇത്. പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരുന്നത്. നിഖില്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍ മലയാളിയായ അനശ്വര പരമേശ്വരന്‍ നായികയായിരുന്നു.
ദേശീയ അവാര്‍ഡിന് മമ്മൂട്ടിയെ തഴഞ്ഞു എന്നത് പോലെ തെലുങ്കില്‍ ദുല്‍ഖര്‍ ചിത്രത്തെ അവഗണിച്ചു എന്ന് പറഞ്ഞാണ് ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നത്. ദുൽഖർ സൽമാൻ മൃണാള്‍ താക്കൂര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ സീതാരാമം വന്‍ ഹിറ്റായിരുന്നു. 2022-ലാണ് ചിത്രം പുറത്തിറങ്ങിയത്. സീതാരാമത്തിന് മികച്ച ചിത്രത്തിനുള്ള അവാർഡ് ലഭിക്കുമെന്നാണ് നേരത്തെ തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ കാർത്തികേയ 2വിനാണ് പുരസ്കാരം ലഭിച്ചത്.
സോഷ്യല്‍ മീഡിയയില്‍ തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ സീതരാമത്തിന് അവാര്‍ഡ് ലഭിക്കാത്തതിന് വലിയ പ്രതിഷേധം പ്രകടമാകുന്നുണ്ടെന്നാണ് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദുല്‍ഖര്‍ നായകനായ ചിത്രത്തെ അവഗണിച്ചത് മാത്രമല്ല. നിത്യ മേനോനെക്കാള്‍ ദേശീയ അവാര്‍ഡ് അര്‍ഹിക്കുന്ന അഭിനയം മൃണാല്‍ താക്കൂര്‍ ചിത്രത്തില്‍ പുറത്തെടുത്തുവെന്നാണ് പല സോഷ്യല്‍ മീഡിയ പോസ്റ്റുകളും വരുന്നത്. ദേശീയതലത്തില്‍ തന്നെ അംഗീകരിക്കേണ്ട ചിത്രമാണ് സീതരാമം അതിന് തെലുങ്കിലെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കാത്തത് പോലും മോശമായി എന്നാണ് പലരും പറയുന്നത്.
അതേ സമയം ദേശീയ അവാര്‍ഡുകളും സംസ്ഥാന അവാര്‍ഡും ഒന്നിച്ച് ഇന്നലെ പ്രഖ്യാപിച്ചത് മുതല്‍ മമ്മൂട്ടിയെ മികച്ച നടനായി പരിഗണിച്ചില്ലെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം പോസ്റ്റുകള്‍ വന്നിരുന്നു. എന്നാല്‍ ദേശീയ അവാര്‍ഡിന് മമ്മൂട്ടി ചിത്രം അയച്ചില്ലെന്നാണ് പിന്നീട് വാര്‍ത്ത വന്നത്. അതേ സമയമാണ് ദുല്‍ഖര്‍ ചിത്രത്തിന് അവാര്‍ഡ് ലഭിക്കാത്തതിന് തെലുങ്ക് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം എന്നത് ശ്രദ്ധേയം.
ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രമാണ് സീതാ രാമം. വൈജയന്തി മൂവീസിൻ്റെയും സ്വപ്ന സിനിമയുടെയും കീഴിൽ സി. അശ്വനി ദത്ത് നിർമ്മിച്ച ഈ ചിത്രം ഒരു പ്രണയകഥയാണ് പറഞ്ഞത്. ചിത്രം ബോക്സോഫീസില്‍ വലിയ വിജയം നേടിയിരുന്നു.