സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാനപ സമ്മേളന വേദിയില്‍ നടന്ന രസരകമായ അനുഭവം പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട വീഡിയോയാണ് മന്ത്രി പങ്കുവച്ചത്. വീഡിയോയില്‍ നടന്‍ ആസിഫ് അലിക്ക് ഹസ്തദാനം നല്‍കാനായി കൈനീട്ടുള്ള ശിവന്‍കുട്ടിയെ കാണാം. എന്നാല്‍ ആസിഫ് ഇത് ശ്രദ്ധിക്കുന്നില്ല. പിന്നീട് ടൊവിനോ ഇത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ആസിഫ് കൈകൊടുക്കുകയും ചെയ്തു. ‘ ഞാനും പെട്ടു എന്ന തലക്കെട്ടോടെയാണ് മന്ത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്. മന്ത്രിയുടെ പോസ്റ്റ് ഇതിനോടകും വൈറലായിക്കഴിഞ്ഞു.
വൈറല്‍ ആവാന്‍ പുതിയ ഒരെണ്ണം കൂടെ ആയി എന്ന് മനസിലായ ടോവിനോയുടെ ഒരു ചിരിയുണ്ട്.. അത് മാസ്സ് ആയി. ടോവിനോ, ബേസില്‍ ക്ലബ്ബിലേക്ക് മിനിസ്റ്ററും കൂടി, ടോവിനോ ഇരുന്നു ചിരിക്കുന്നു. ബേസിലിനെ ഓര്‍മ്മ വന്നു കാണും തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്. മന്ത്രി പോസ്റ്റില്‍ ബേസില്‍ ജോസഫിനെ ടാഗ് ചെയ്തിട്ടുമുണ്ട്.
നേരത്തെ, സൂപ്പര്‍ ലീഗ് കേരളയുടെ സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് ആ താരം മടങ്ങിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ക്രിക്കറ്റ് താരം സഞ്ജു സാംസണും ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ബേസില്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ ‘പ്ലിങ്ങിയെന്ന്’ ട്രോളുകളും വന്നു. ടൊവിനോ തോമസ് വീഡിയോക്ക് കമന്റുമായി എത്തുകയും ചെയ്തു. ചിരിക്കുന്ന ഇമോജിയാണ് ടൊവിനോ കമന്റ് ചെയ്തത്. അതിന് താഴെ ‘നീ പക പോക്കുകയാണല്ലേടാ’ എന്ന് ബേസില്‍ കമന്റ് ചെയ്തു. മറുപടിയായി ‘കര്‍മ ഈസ് എ ബീച്ച്’ എന്ന് ടൊവിനോയും കമന്റിട്ടു.
നേരത്തെ മരണമാസ് എന്ന സിനിമയുടെ പൂജ ചടങ്ങില്‍ പൂജാരി ആരതി നല്‍കിയപ്പോള്‍ കൈ നീട്ടിയ ടൊവിനോയെ കാണാതെ പൂജാരി പോയിരുന്നു. തുടര്‍ന്ന് ബേസില്‍ ടൊവിനോയെ നോക്കി പൊട്ടിച്ചിരിക്കുന്ന വീഡിയോ വൈറലായിരുന്നു. പിന്നീട് മമ്മൂട്ടി, സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി തുടങ്ങിയ താരങ്ങളും ഇത്തരത്തില്‍ അബദ്ധം പറ്റി വൈറലായിട്ടുണ്ട്.









