ആലപ്പുഴ തീരത്തെ കടല്‍ കൊലക്കേസിലെ എന്റിക ലെക്‌സിയുടെ രേഖകളെല്ലാം വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്.ബോണ്ടായി കേരളം കസ്റ്റഡിയില്‍വച്ചിരുന്ന രേഖകളെല്ലാം തിരികെ നല്‍കാന്‍ നിര്‍ദേശം.എന്റിക ലെക്‌സിയുടെ ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കി. (alappuzha fishermen shooting case sc orders to give Enrica Lexie’s documents)
2012 ല്‍ ആലപ്പുഴ തീരത്ത് വച്ചായിരുന്നു മത്സ്യബന്ധന ബോട്ടിനു നേരെ ഇറ്റാലിയന്‍ നാവികര്‍ വെടിയുതിര്‍ത്തത്. രണ്ട് മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പല്‍ വിട്ടു നല്‍കാനായി മൂന്നു കോടി രൂപയുടെ ബോണ്ടും കപ്പലിന്റെ രേഖകളും സംസ്ഥാനം പിടിച്ച് വച്ചിരുന്നു.ഇത് വിട്ട് കിട്ടാന്‍ ആയിരുന്നു കപ്പല്‍ കമ്പനി എന്റിക ലെക്‌സി സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി സുപ്രീംകോടതിയില്‍ എത്തിയതിനെ തുടര്‍ന്ന് ഈ അടുത്തിടെ മൂന്ന് കോടി രൂപയുടെ ബോണ്ട് കപ്പല്‍ കമ്പനിക്ക് തിരികെ നല്‍കിയിരുന്നുവെങ്കിലും രേഖകള്‍ കൈമാറിയിരുന്നില്ല.
കപ്പലിന്റെ ഈ രേഖകള്‍ കൈമാറാനാണ് സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടത്. ഇരകള്‍ക്കുള്ള നഷ്ടപരിഹാര വിതരണം പൂര്‍ത്തിയായതോടെയാണ് കപ്പല്‍ കമ്പനിക്ക് അനുകൂലമായ സുപ്രീംകോടതിയുടെ ഇടപെടല്‍.രേഖകള്‍ വിട്ടുനല്‍കാന്‍ കേരള ഹൈക്കോടതി റജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. കേസില്‍ കപ്പല്‍ കമ്പനിയുടെ ഹര്‍ജിയും സുപ്രീംകോടതി തീര്‍പ്പാക്കി. കടല്‍ കൊലക്കേസില്‍ നേരത്തെ തന്നെ കേസ് നടപടികള്‍ തീര്‍പ്പാക്കിയിരുന്നു.ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതമാണ് നഷ്ടപരിഹാരം നല്‍കിയത്







