
സഹോദരന്റെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അവരുടെ തലയറുത്ത് തെരുവിലൂടെ നടന്ന് യുവാവ്. പശ്ചിമ ബംഗാളിലാണ് സംഭവം. ശനിയാഴ്ച ബസന്തിയിലാണ് സംഭവം നടന്നത്. സഹോദരന്റെ ഭാര്യയുടെ അറുത്ത തലയും കൊലയ്ക്കുപയോഗിച്ച ആയുധവുമായി ബസന്തി പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് കുറ്റസമ്മതം നടത്തുകയും അറസ്റ്റ് വരിക്കുകയുമായിരുന്നു. ബിമല്‍ മോണ്ടല്‍ എന്ന യുവാവാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇയാളുടെ മൂത്ത സഹോദരന്റെ ഭാര്യയായ സതിയെയാണ് കൊലപ്പെടുത്തിയത്. (Bengal Man Beheads Relative Parades Her Head Before Surrendering To Cops)
കുടുംബപ്രശ്‌നങ്ങളാണ് അരുംകൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ബിമലിന് ചില മാനസിക പ്രശ്‌നങ്ങളുള്ളതായി സംശയിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറച്ച് ദിവസങ്ങളായി സതിയും വിമലും തമ്മില്‍ വലിയ വഴക്കുകള്‍ ഉണ്ടായതായി അയല്‍ക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്താണ് ഇരുവരും തമ്മിലുള്ള പ്രശ്‌നമെന്ന് വ്യക്തമായിട്ടില്ല.
സഹോദരന്റെ ഭാര്യയെക്കുറിച്ച് അസഭ്യം പറഞ്ഞുകൊണ്ടാണ് ബിമല്‍ അറുത്തെടുത്ത തലയുമായി തെരുവിലൂടെ നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വര്‍ഷങ്ങള്‍ തന്നോടും കുടുംബത്തിനോടും ചെയ്തതിന് ഇന്ന് പകരം വീട്ടിയെന്നും ബിമല്‍ പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. ഇയാള്‍ ഒരുകൈയില്‍ ചോരപുരണ്ട കത്തിയും ഉയര്‍ത്തിപ്പിടിച്ചിരുന്നതിനാല്‍ നാട്ടുകാരാരും ഇയാള്‍ക്കരികില്‍ പോകാന്‍ ധൈര്യപ്പെട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.