വനിതാ ചലച്ചിത്ര പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഇവരൊക്കെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ തുടരുന്നത് നിരാശാജനകമാണെന്ന് മിനി
കോച്ചി: വനിത സംവിധായകരെ പ്രോല്‍സാഹിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതി ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ അട്ടിമറിക്കുന്നെന്ന് ആരോപണം. നിരന്തരമായ മാനസിക പീഡനമാണ് ഉണ്ടായതെന്ന് സംവിധായിക മിനി ഐ ജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കും വരെ പരാതി നല്‍കിയതിനു ശേഷമാണ്, കെഎസ്എഫ്ഡിസി സഹായത്തോടെ നിര്‍മിച്ച തന്‍റെ സിനിമ പുറത്തിറക്കാന്‍ പോലുമായത്. വനിതാ ചലച്ചിത്ര പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഇവരൊക്കെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ തുടരുന്നത് നിരാശാജനകമാണെന്നും മിനി പറയുന്നു.
ഡിവോഴ്സ് എന്ന സിനിമ കൊവിഡ് കാലത്ത് വളരെ കഷ്ടപ്പെട്ടാണ് പൂർത്തിയാക്കിയതെന്ന് മിനി പറഞ്ഞു. 2021ൽ സെൻസർ ചെയ്യുകയും ചെയ്തു. ഒരു കാരണവുമില്ലാതെ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയർമാൻ ഇടപെട്ട് പല തവണയായി റിലീസ് മാറ്റിവെച്ചെന്ന് മിനി പറയുന്നു. ആദ്യമായി സിനിമ ചെയ്യുന്ന ആൾക്ക് പിന്തുണ നൽകുന്നതിന് പകരം ബുദ്ധിമുട്ടിക്കുകയാണ് ചെയ്തത്. മേലാൽ ഇനി സിനിമ ചെയ്യേണ്ട എന്ന് പോലും തോന്നിപ്പോവും. സർക്കാരിന്‍റെ മികച്ചൊരു പദ്ധതിക്ക് തുരങ്കം വെയ്ക്കുകയാണ് ഷാജി എൻ കരുണ്‍ ചെയ്തതെന്ന് മിനി വിമർശിച്ചു.
‘സിനിമ ചെയ്യാനേ പറഞ്ഞിട്ടുള്ളൂ, കാണിക്കാൻ പറഞ്ഞിട്ടില്ല’ എന്നാണ് ഷാജി എൻ കരുണ്‍ പറഞ്ഞതെന്ന് മിനി ഐജി വിശദീകരിച്ചു. സിനിമ പിന്നെ എന്തിനാണ് ചെയ്യുന്നത്, ആളുകളെ കാണിക്കാനല്ലേ എന്നാണ് മിനിയുടെ ചോദ്യം. എത്രത്തോളം താമസിപ്പിക്കാമോ അത്രത്തോളം ഷാജി എൻ കരുണ്‍ റിലീസ് വൈകിപ്പിച്ചു. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി കൊടുത്ത ശേഷമാണ് സിനിമ റിലീസ് ചെയ്യാൻ കഴിഞ്ഞതെന്നും മിനി പറയുന്നു.
അധികാര കേന്ദ്രത്തിന് മുന്നിൽ വിധേയപ്പെട്ടുനിൽക്കാത്തതു കൊണ്ടാണോ എന്ന് അറിയില്ല ഷാജി എൻ കരുണ്‍ ഇങ്ങനെ ചെയ്തതെന്ന് മിനി പറഞ്ഞു. ഇങ്ങനെ ഒരാൾ വീണ്ടും വീണ്ടും അധികാര സ്ഥാനത്ത് എത്തുന്നതു കാണുമ്പോൾ നിരാശ തോന്നുന്നു. എവിടെ നിന്നാണ് പിന്നെ നീതി ലഭിക്കുകയെന്നും മിനി ചോദിക്കുന്നു.