പദവിക്കായി ബിജെപി നേതൃത്വത്തോട് വിലപേശിയിട്ടില്ലെന്നും ഖുശ്ബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ചെന്നൈ: പദവിക്കായി ബിജെപി നേതൃത്വത്തോട് വിലപേശിയിട്ടില്ലെന്ന് ഖുശ്ബു. പാർട്ടിയിൽ സ്വാതന്ത്യതോടെ പ്രവർത്തിക്കാനായാണ് ദേശീയ വനിത കമ്മീഷനിൽ നിന്ന് രാജിവച്ചത്. രാഷ്ട്രീയത്തിൽ ഇറങ്ങിയ നടൻ വിജയ് ബുദ്ധിമാൻ ആണെന്നും ഖുശ്ബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ സജീവമാകാൻ പദവി തടസ്സമായിരുന്നു. ഇതിനാലാണ് രാജിവെച്ചത്. അല്ലാതെ മറ്റു കാരണങ്ങളൊന്നുമില്ലെന്നും ഖുശ്ബു പറഞ്ഞു.സമരങ്ങളിൽ ഒന്നും പങ്കെടുക്കാൻ കഴിയുമായിരുന്നില്ല. 7-8 മാസം മുൻപേ ഞാൻ രാജിസന്നദ്ധത അറിയിച്ചതാണ്.
പക്ഷേ തത്കാലം തുടരൂ എന്നാണ് നിർദേശം കിട്ടിയത്. ഇപ്പോൾ രാജി അംഗീകരിക്കുകയായിരുന്നു. തന്‍റെ തിരിച്ചുവരവിൽ ഡിഎംകെ അസ്വസ്ഥരാണെന്നും അതിനാലാണ് സൈബര്‍ ആക്രമണമെന്നും ഖുശ്ബു പറഞ്ഞു. ഡിഎംകെ അണികൾക്ക് ഒരു പണിയുമില്ല. ബുദ്ധിയും സൗന്ദര്യവും ഉള്ള സ്ത്രീകൾ രാഷ്ട്രീയത്തിൽ വരുന്നത് അവർക്ക് പിടിക്കില്ല. ബിജെപിയില പദവിക്കായി വിലപേശിയിട്ടില്ല.
പാര്‍ട്ടിയിൽ പ്രവര്‍ത്തിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. വിജയ് രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും തന്‍റെ സഹോദരൻ തന്നെയാണ്. ബുദ്ധിമാനായ വിജയ്ക്ക് തന്‍റെ ഉപദേശത്തിന്റെ ആവശ്യമില്ലെന്നും വിജയിയുടെ തമിഴക വെട്രി കഴകം സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം തീരുമാനമെടുക്കുമെന്നും ഖുശ്ബു പറഞ്ഞു.