ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ ബ്രഹ്‌മാണ്ഡ ചിത്രമെന്ന പേര് സ്വന്തമാക്കിയ ജെന്റിൽമാൻ റീ റിലീസിനെത്തുമ്പോൾ താൻ നിർമാതാവായ കഥ പങ്കുവച്ച് കെ.ടി. കുഞ്ഞുമോൻ. 24 ന്യൂസ് ഡിജിറ്റൽ പോഡ്കാസ്റ്റ് മൈൻഡ് യുവർ വേഡ്‌സിൽ സംസാരിക്കുമ്പോഴാണ് ചിത്രത്തിന്റെ അണിയറക്കഥകൾ കുഞ്ഞുമോൻ വെളിപ്പെടുത്തിയത്.
ശങ്കർ ചിത്രത്തിന്റെ കഥയുമായി ആദ്യം ചെന്നത് കമലഹാസന്റെ അടുക്കലായിരുന്നു. കഥ കേട്ട് ‘അപ്പള കഥ’ എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പളമെന്നാൽ തമിഴിൽ പപ്പടം എന്നാണ്. പപ്പടം പോലെ പൊട്ടും എന്നാകാം അദ്ദേഹം പറഞ്ഞത്. പിന്നീട് നിർമാതാവ് സൂപ്പർ ഗുഡ് ചൗധരിയും കഥ കേട്ടു. അദ്ദേഹവും ഇതിൽ താൽപ്പര്യം പ്രകടിപ്പിച്ചില്ല. അപ്പോഴാണ് തന്റെ ടീമിലുണ്ടായിരുന്ന എഡിറ്റർ വി.ടി. വിജയൻ, സ്റ്റിൽ രവി എന്നിവർ ശങ്കറിനെക്കുറിച്ച് പറയുന്നത്. വന്തകാല പറവൈയിലും സൂര്യനിലും അസിസ്റ്റന്റായിരുന്നു ശങ്കർ. അങ്ങനെ കഥ കേട്ടു. ഞാൻ പറയുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തി ചെയ്യാമോ എന്നു ചോദിച്ചു. ശങ്കർ സമ്മതിക്കുകയും ചെയ്തു. അങ്ങനെ 5000 രൂപ അഡ്വാൻസായി കൊടുത്തു. ഇത് 5 ലക്ഷം 5 കോടിയുമൊക്കെയായി മാറുമെന്ന് അവനോട് പറഞ്ഞു. അങ്ങനെ ചെയ്ത ചിത്രമാണ് ജെന്റിൽമാൻ. ചിത്രം റിലീസ് ആയതിനു ശേഷം ശങ്കറിന് രണ്ടു കീകൾ സമ്മാനിച്ചു. ഒന്ന് 3 ബെഡ്‌റൂമുള്ള ഒരു ഫ്‌ളാറ്റിന്റെ കീ. മറ്റൊന്ന് അന്നത്തെ സ്വപ്‌ന വാഹനമായ മാരുതി 800 കാറിന്റെ കീ. തന്റെ അനുഗ്രഹം പോലെ വളർന്ന ശങ്കർ പിന്നീട് കോടികൾ ശമ്പളവും റോൾസ് റോയിസ് കാറുമെല്ലാം വാങ്ങിയെന്നും ഇപ്പോൾ വലിയ തിരക്കുള്ള ആളുമായെന്നും കെടി കുഞ്ഞുമോൻ പോഡ്കാസ്റ്റിൽ പറയുന്നു.









