ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി നേതൃത്വം നല്കുന്ന സഖ്യം മുന്നില്‍. 90 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ നെതന്യാഹു സഖ്യത്തിന് 53 സീറ്റുകളും പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളും ലഭിക്കാന്‍ സാധ്യത. അറബ് പാര്‍ട്ടികളുടെ സീറ്റുകള്‍ 19-ലേക്ക് ഉയര്‍ന്നു. നെതന്യാഹുവിനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ഐസന്‍കോട്ട് സഖ്യം അറബ് ജോയിന്റ് ലീസ്റ്റിന്റെ സഹായം തേടുമോ എന്നാണ് ഇനി അറിയേണ്ടത്. (Netanyahu bloc slightly ahead in Israel elections)
120 അംഗ പാര്‍ലമെന്റില്‍ 61 സീറ്റുകള്‍ നേടിയാല്‍ മാത്രമേ അധികാരത്തിലെത്താനാകൂ എന്നതിനാല്‍ ഇസ്രയേലില്‍ രാഷ്ട്രീയ ചരടുവലികള്‍ നടക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ബെഞ്ചമിന്‍ നെതന്യാഹു സഖ്യത്തിന് 53 സീറ്റുകളും പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നല്കുന്ന യഷാര് പാര്‍ട്ടിയുടെ ഗാദി ഐസന്‍കോട്ടിന് 48 സീറ്റുകളുമാണ് ലഭിക്കാന്‍ സാധ്യത. നിലവില്‍ 19 സീറ്റുകള്‍ നേടിയ അറബ് ജോയിന്റ് ലിസ്റ്റുമായി പ്രതിപക്ഷ സഖ്യം നെതന്യാഹുവിനെ പുറത്താക്കാനായി സഹകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെന്റ് സ്പീക്കറായ ലിക്കുഡ് നേതാവ് അമീര്‍ ഒഹാനയെ പുറത്താക്കാനുള്ള ഭൂരിപക്ഷം തികയ്ക്കാന്‍ പ്രതിപക്ഷ സഖ്യം സഹായം തേടിയെന്ന് ജോയിന്റ് ലിസ്റ്റിലെ പ്രധാന പാര്‍ട്ടിയായ തആല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജോയിന്റ് ലിസ്റ്റിന് നിലവില്‍ 12 സീറ്റുകളാണ് സാധ്യത. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി 26 സീറ്റുകളും ഐസന്‍കോട്ടിന്റെ യഷാര് പാര്‍ട്ടി 21 സീറ്റുകളുമാണ് നേടിയിട്ടുള്ളത്. എന്നാല്‍ റഹാം പാര്‍ട്ടിയുമായോ അറബ് ജോയിന്റ് ലിസ്റ്റുമായി സഖ്യമുണ്ടാക്കുന്നതിനു പകരം ഐസന്‍കോട്ടിനെ പ്രധാനമന്ത്രിയാക്കിക്കൊണ്ട് നെതന്യാഹു സഖ്യം യഷാര് പാര്‍ട്ടി സഖ്യവുമായി കൂട്ടുചേരുമോ എന്നും ഉറ്റുനോക്കുന്നവരുണ്ട്. പാര്‍ട്ടികള്‍ സഖ്യ രൂപീകരണവുമായി മുന്നോട്ടു നീങ്ങണമെന്നും മറ്റൊരു തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ആവശ്യപ്പെട്ടു.








