തിരുവനന്തപുരം: ലിയോണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. എസ്ഐടിയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുക. ഇന്ന് തന്നെ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ തേടും. ജിഎസ്ടിയുടെ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ വലിയ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു. എസ് ഐ ടി തലവന്‍ പി വിജയനാണ് ഉദ്യോഗസ്ഥര്‍ക്ക് ജിഎസ്ടിയില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
അതേസമയം, നിയമവിരുദ്ധ കരാറുമായി മുന്നോട്ടുപോകാന്‍ സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഉന്നതരുടെ പിന്തുണ ലഭിച്ചെന്ന് വ്യക്തയതോടെ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുകയാണ്. മെസി വരുമെന്ന പ്രചാരണത്തില്‍ സ്പോണ്സര്ക്കൊപ്പം മുന്‍നിരയില്‍ ഉണ്ടായിരുന്ന മുന്‍ കായിക മന്ത്രി അബ്ദുറഹിമാനെ എസ്ഐടി വൈകാതെ ചോദ്യം ചെയ്യും.
സ്പോണ്‍സറെ തിരഞ്ഞെടുത്ത മാനദണ്ഡം എന്ത്? സ്പോണ്സര് കമ്പനിക്ക് നേതൃത്വം നല്‍കുന്നത് നിരവധി കേസുകളില്‍ പ്രതിയായി ഒരാളായിട്ടും എന്തുകൊണ്ട് കൃത്യമായ പരിശോധനകള്‍ ഉണ്ടായില്ല തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉണ്ട്. മുന്‍ മന്ത്രിയുടെ രണ്ട് പഴ്സനല്‍ സ്റ്റാഫിനെയാകും ആദ്യം ചോദ്യം ചെയ്യുക. കഴിഞ്ഞ ദിവസം ആര്‍ബിസി ആസ്ഥാനത്തുനിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും വിശദമായി പരിശോധിക്കുകയാണ് എസ്ഐടി. റെയ്ഡ് നിയമപരമായാണ് നടത്തിയതെന്നും മാധ്യമ സ്വാതന്ത്ര്യവുമായി കൂട്ടിക്കെട്ടരുതെന്നും ആവര്‍ത്തിക്കുകയാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.






