ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇതുവരെ 12 ഓളം ആളുകളെയാണ് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെന്ന് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF) ഇൻസ്‌പെക്ടർ ജനറൽ (IG) നരേന്ദ്ര ബുണ്ടേല അറിയിച്ചു.
സത്യനികേതനിൽ ഇന്നലെ ഉച്ചയോടെ ഉണ്ടായ അപകടത്തിലാണ് മരണസംഖ്യ ഉയരുന്നത്. ഇന്നലെ തുടങ്ങിയ രക്ഷാപ്രവർത്തനത്തിൽ ഇതുവരെ പത്തിലധികം പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ എൻഡിആർഎഫിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. മുഖ്യമന്ത്രി രേഖ ഗുപ്ത ഇന്നും അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
അപകടത്തിൽ ഡൽഹി മുൻസിപ്പൽ കോർപ്പറേഷനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി ശക്തമാക്കാൻ എംസിഡി തീരുമാനിച്ചു.നഗരത്തിൽ പരിശോധന ഊർജ്ജിതമാക്കി നാല് നിലയിൽ കൂടുതലുള്ള മുഴുവൻ അനധികൃത കെട്ടിടങ്ങളും സീൽ ചെയ്യും. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാനും എംസിഡി നിർദേശം നൽകി. ഇത് കൂടാതെ അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി സർക്കാർ മജിസ്റ്റീരിയൽ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.








