ജൂലൈ 31 ന് ശേഷം ഫയൽ ചെയ്യുന്ന ഐടിആറുകളെ വൈകിയുള്ള ഐടിആർ എന്ന് വിളിക്കുന്നു. ഇങ്ങനെയുള്ളതിന് പിഴ നൽകേണ്ടി വരും
പിഴ കൂടാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന ദിവസം നാളെയാണ്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി ഒരേയൊരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ജൂലൈ 31 ന് ശേഷം ഫയൽ ചെയ്യുന്ന ഐടിആറുകളെ വൈകിയുള്ള ഐടിആർ എന്ന് വിളിക്കുന്നു. ഇങ്ങനെയുള്ളതിന് പിഴ നൽകേണ്ടി വരും. കൂടാതെ വൈകിയ ഐടിആർ ഫയൽ ചെയ്യുമ്പോൾ ചില ആനുകൂല്യങ്ങളും നഷ്ടപ്പെടും. ഇതുവരെ നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെങ്കിൽ, എളുപ്പത്തിൽ എങ്ങനെ ചെയ്യാം എന്നറിയൂ.
ഐടിആർ ഫയൽ ചെയ്യാൻ ആവശ്യമായ രേഖകൾ
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള ആദ്യ ഘട്ടം ആവശ്യമായ എല്ലാ രേഖയും തയ്യാറാകുക എന്നുള്ളതാണ്. ശമ്പള വരുമാനമുള്ള ഒരു വ്യക്തി അവരുടെ തൊഴിലുടമയിൽ നിന്ന് ഫോം 16, ബാങ്കുകൾ, കമ്പനികൾ, മ്യൂച്വൽ ഫണ്ടുകൾ, നിക്ഷേപം നടത്തിയിട്ടുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ഫോം 16 എ ശേഖരിക്കണം. ഇതുകൂടാതെ, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ, സ്ഥിരനിക്ഷേപങ്ങൾ, എന്നിവയിൽ നിന്ന് വരുമാനം നേടിയിട്ടുണ്ടെങ്കിൽ ബാങ്കുകളിൽ നിന്ന് സർട്ടിഫിക്കറ്റുകളും സ്റ്റോക്ക് ബ്രോക്കർമാരിൽ നിന്നും മ്യൂച്വൽ ഫണ്ടുകളിൽ നിന്നും മൂലധന നേട്ട പ്രസ്താവനകളും ശേഖരിക്കണം.
ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലിൽ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമം
ഫയൽ ചെയ്യുന്നതിനായി ഒരു വ്യക്തിക്ക് ആദായ നികുതി പോർട്ടലിൽ ഒരു അക്കൗണ്ട് ഉണ്ടായിരിക്കണം. അക്കൗണ്ടിൽ ലോഗിൻ ചെയ്തുകഴിഞ്ഞാൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുക എന്ന ഓപ്‌ഷൻ കാണാം. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ സഹായം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, ഹെൽപ്പ് ഡെസ്‌ക് ഏജന്റിനെ ബന്ധപ്പെടാം. ഈ സഹായം സൗജന്യമാണ്.
ഐടിആർ പരിശോധന
ഐടിആർ ഫയൽ ചെയ്തുകഴിഞ്ഞാൽ, ആദായ നികുതി റിട്ടേൺ പരിശോധിക്കാൻ മറക്കരുത്. നിങ്ങളുടെ ഐടിആർ പരിശോധിക്കാൻ ആറ് വഴികളുണ്ട്. ഇതിൽ അഞ്ചെണ്ണം ഇലക്ട്രോണിക് രീതികളും ഒന്ന് ഫിസിക്കൽ രീതിയുമാണ്. ഐടിആർ ഫയൽ ചെയ്ത് പരിശോധിച്ച് കഴിഞ്ഞാൽ, ആദായനികുതി വകുപ്പ് ഐടിആർ പ്രോസസ്സിംഗിനായി ഏറ്റെടുക്കും. ആദായനികുതി വകുപ്പ് നിങ്ങൾക്ക് ഒരു എസ്എംഎസും ഇമെയിലും അയയ്ക്കും.