പാരിസ് ഒളിമ്പിക്സിൽ നടന്ന മൊറോക്കോ- അര്‍ജന്റീന മത്സരം അവസാനിച്ചത് അതിനാടകീയതയിൽ
പാരിസ് ഒളിമ്പിക്സിൽ നടന്ന മൊറോക്കോ- അര്‍ജന്റീന മത്സരം അവസാനിച്ചത് അതിനാടകീയതയിൽ. ലോക ചാമ്പ്യൻമാര്‍ മൊറോക്കോയോട് ഏറ്റുമുട്ടി ആശ്വാസ സമനില നേടിയെന്നായിരുന്നു കളി നിര്‍ത്തിയതിന് പിന്നാലെ ഉള്ള ഫലം. എന്നാൽ രണ്ട് മണിക്കൂറുകൾക്ക് ശേഷം വാര്‍ സിസ്റ്റത്തിലൂടെ ഇഞ്ചുറി ടൈമിൽ അര്‍ജന്റീന നേടിയ ഗോൾ റഫറി പിൻവലിച്ചു. തുടര്‍ന്ന് മൂന്ന് മിനുട്ട് കാണികളില്ലാതെ ഇഞ്ചുറി ടൈമിലെ ബാക്കി സമയം കളി തുടര്‍ന്നെങ്കിലും വിജയം മൊറോക്കൊ സ്വന്തമാക്കി.
രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു അർജന്റീന തിരിച്ചുവരവ് നടത്തിയത്. 15 മിനിറ്റ് നീണ്ട ഇൻജുറി സമയത്തിന്റെ അവസാന സെക്കൻഡിലായിരുന്നു അർജന്റീന സമനില ഗോൾ നേടിയത്. ഹാവിയർ മഷരാനോ പരിശീലിപ്പിക്കുന്ന യുവനിര, ജൂലിയൻ അൽവാരസും നിക്കോളാസ് ഓട്ടോമണ്ടിയുടെയും നേതൃത്വത്തിലാണ് അർജന്റീന ഒളിമ്പിക്സിന് എത്തിയത്.
കോപ്പ അമേരിക്ക നേടിയ ആരവത്തിലെത്തിയ അർജന്റീനയെ വിറപ്പിച്ചുകൊണ്ടായിരുന്നു ആഫ്രിക്കൻ കരുത്തരായ മൊറോക്കോയുടെ ആദ്യ ഗോൾ. ഒന്നാം പകുതിയുടെ ഇൻജുറി ടൈമിലായിരുന്നു സൂഫിയാൻ റഹിമിയുടെ ഗോൾ. രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റ് പിന്നിട്ടപ്പോൾ റഹിമി മൊറോക്കയ്ക്കായി രണ്ടാം ഗോളും നേടി അർജന്റീനയെ ഞെട്ടിച്ചു. 68-ാം മിനിറ്റിൽ ഒരു ഗോൾ മടക്കി ജ്യൂലിയാനോ സിമിയോണി അർജന്റീനയ്ക്ക് പ്രതീക്ഷ നൽകി.
എന്നാൽ മത്സരം മൊറോക്കോ വിജയിക്കുമെന്ന ഘട്ടത്തിൽ അവസാന സെക്കൻഡുകളിൽ ക്രിസ്റ്റ്യൻ മെദീന (90+12) അർജന്റീനയ്ക്കായി സമനില ഗോൾ നേടി. ഈ ഗോളാണ് രണ്ട് മണിക്കൂറുകൾക്ക് ശേഷം അധികൃതർ ഓഫ്സൈഡ് വിധിച്ച് പിൻവലിച്ചത്. ഈ ഗോൾ അനുവദിച്ചതിന് പിന്നാലെ ആരാധകര്‍ ഗ്രൗണ്ട് കയ്യേറിയതിനെ തുടര്‍ന്ന് കളി നിര്‍ത്തിവച്ചു. ഈ സമയം ഫൈനൽ വിസിൽ മുഴങ്ങിയെന്ന് തെറ്റിദ്ധരിച്ചതാണ് ആശയക്കുഴപ്പങ്ങൾക്ക് കാരണമെന്നും.സുരക്ഷാ നടപടികളുടെ ഭാഗമായി മത്സരം നിര്‍ത്തിവയ്ക്കുക മാത്രമായിരുന്നു എന്നുമാണ് സംഘാടകരുടെ വിശദീകരണം.
തുടര്‍ന്ന് കാണികൾ തിരികെ കയറിയ ശേഷം, ഗാലറി ഒഴിപ്പിക്കുകയും, രണ്ട് മണിക്കൂറിന് ശേഷം അര്‍ജന്റീനയുടെ രണ്ടാം ഗോൾ ഓഫ്സൈഡാണെന്ന് വ്യക്തമാക്കി പിൻവലിക്കുയും ചെയ്തു. മത്സരഫലം സമനിലയിൽ നിന്ന് മൊറോക്കോയുടെ വിജയത്തിലെത്തിയത്, ശേഷം ഇഞ്ച്വറി ടൈമിൽ ബാക്കിയുണ്ടായിരുന്ന മൂന്ന് മിനുട്ട് കൂടി താരങ്ങൾ മൈതാനത്തിറങ്ങിയ ശേഷമായിരുന്നു. കാണികളില്ലാത്ത മൈതാനത്ത് ഇരു ടീമുകളും ഏറ്റുമുട്ടിയെങ്കിലും വിജയം മൊറോക്കോ സ്വന്തമാക്കുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ യൂറോ ചാമ്പ്യന്മാരായ സ്പെയിൻ ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. മാർക് പ്യൂബിൽ, സെർജിയോ ഗോമസ് എന്നിവരാണ് സ്പെയിനിനായി ലക്ഷ്യം കണ്ടത്. ഉസ്ബെസ്ക്കിസ്ഥാന്റെ ആശ്വാസ ഗോൾ എൽദോർ ഷൊമുറുദോവ് നേടി.