മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; 16 തീയതി വരെ നടപടികൾ നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. പൊലീസ് നൽകിയ അപേക്ഷയിൽ നിർദേശം. 9 ന് മുൻപ് ഒഴിപ്പിക്കൽ നടപടി പൂർത്തിയാക്കാൻ നിർദേശം ഉണ്ടായിരുന്നു. കേസിൽ അടിയന്തര വാദം കേൾക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് കേസിൽ പൊലീസിന്റെ അടിയന്തര നീക്കം.
ഉന്നതി ഒഴിപ്പിച്ച് ജൂൺ ഒമ്പതിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവിനെതിരെയാണ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്. ശ്രദ്ധേയമായ കാര്യം, ഉന്നതി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിന്റെ അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ജൂൺ ഒന്നിന് മുൻസിഫ് കോടതി ഇത്തരമൊരു നിർണായക ഉത്തരവ് പുറപ്പെടുവിച്ചത് എന്നതാണ്.
ജൂൺ ഒന്നിന് മുൻസിഫ് കോടതിയുടെ ഉത്തരവ് വന്നതോടെയാണ് കേസിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ ജൂൺ ഒമ്പതിനാണ് ഹൈക്കോടതി ഈ കേസ് പരിഗണിക്കാൻ മാറ്റിവെച്ചിരുന്നത്. എന്നാൽ മുൻസിഫ് കോടതിയുടെ ഭാഗത്തുനിന്നും ജൂൺ ഒമ്പതിനകം റിപ്പോർട്ട് സമർപ്പിക്കാനുള്ള കർശന നിർദേശം വന്നതോടെ, അടിയന്തരമായി വാദം കേൾക്കേണ്ട സാഹചര്യമുണ്ടാവുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ അപേക്ഷ ഇന്ന് തന്നെ ഹൈക്കോടതി പരിഗണിച്ചത്.
അതേസമയം, ഈ വിഷയത്തിലെ പ്രധാന ഹർജി നേരത്തെ നിശ്ചയിച്ചതുപ്രകാരം ജൂൺ 9ന് തന്നെ ഹൈക്കോടതി വീണ്ടും പരിഗണിക്കും. എന്നാൽ ഇന്നത്തെ കോടതി നടപടികൾ കേസിലെ തുടർനടപടികളിൽ നിർണായകമാകും.







