രോഗങ്ങള്‍ കാരണം ദുരിതമനുഭവിക്കുന്ന കുടുംബത്തിന് ഇടിത്തീയായി ജപ്തി ഭീഷണി. കോതമംഗലം പുന്നേക്കാട് സ്വദേശി സജി കുര്യാക്കോസിന്റെ കുടുംബമാണ് തീരാദുരിതത്തിലായത്. പണമടച്ചില്ലെങ്കില്‍ ഉടന്‍ ഇറങ്ങേണ്ടി വരുമെന്നാണ് കേരള ബാങ്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
വീടിന് അത്താണിയായി മാറേണ്ടയാള്‍ക്ക് മാറാരോഗം ബാധിച്ചു. സജി കുര്യാക്കോസിന് പ്രമേഹം കൂടി കാലിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കുകയായിരുന്നു. വിരലുകള്‍ മുറിച്ചു. നടക്കാന്‍ പ്രയാസം. കണ്ണിന്റെ കാഴ്ചശക്തിയെയും ബാധിച്ചു. ആ മാസം തന്നെ ഭാര്യ മിനിയ്ക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചു. ഫോര്‍ത്ത് സ്റ്റേജാണ്. മൂത്തമകള്‍ ജന്മനാ കിടപ്പിലാണ്. 2024 മുതല്‍ ആണ് സജിയുടെ വീട്ടിലെ വര്‍ണ്ണങ്ങളെല്ലാം ഇങ്ങനെ മാഞ്ഞുപോയത്.
വീടിന്റെ അറ്റകുറ്റപ്പണിക്കും പശുക്കളെ വാങ്ങാനുമായി കേരള ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപ സജി ലോണ്‍ എടുത്തിരുന്നു. ഒന്നേകാല്‍ ലക്ഷം തിരിച്ചടച്ചപ്പോഴേക്കും അസുഖബാധിതനായി. ജോലിക്ക് പോകാന്‍ കഴിയില്ല. ഇപ്പോഴത് 11 ലക്ഷത്തില്‍ എത്തിനില്‍ക്കുന്നു. പണം അടച്ചില്ലെങ്കില്‍ ഉടന്‍ ഇറങ്ങണമെന്ന് ബാങ്ക് അന്ത്യശാസനം നല്‍കിയിട്ട് മാസങ്ങളായി. എന്തു ചെയ്യുമെന്നറിയാത്ത നിസ്സഹായാവസ്ഥയിലാണ് ഈ കുടുംബം. മിനിയുടെ ശസ്ത്രക്രിയയ്ക്ക് ആറര ലക്ഷം രൂപ ഉടന്‍ കണ്ടെത്തണം. മരുന്നുകള്‍ക്കു മാസം മാത്രം പതിനായിരത്തോളം രൂപയുടെ ചിലവുണ്ട്. സുമനസ്സുകളുടെ ചെറിയ സഹായത്തിന് പോലും ഈ കുടുംബത്തെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയും.
നിര്‍ധന കുടുംബത്തിനായി നമ്മുക്ക് കൈകോര്‍ക്കാം:
അക്കൗണ്ട് വിവരങ്ങള്‍
Mini chacko
Account number. 25070100002481
IFSC code BARB0KOTMAN
Bank Bank of Baroda
G pay number 8891479556







