എംപിമാർ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത് കോണ്‍ഗ്രസ് പ്രസിഡന്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എംപിമാർ മത്സരിക്കുന്നതിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. എംപിമാരെ മത്സരിച്ചാലുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പുകളെ പൊതുജനങ്ങള്‍ എങ്ങനെ വിലയിരുത്തുമെന്നത് പ്രധാനമാണ്. മാധ്യമങ്ങൾ ശൂന്യതയിൽ നിന്ന് വാർത്തകളുണ്ടാക്കിയെന്നും വിഡി സതീശൻ ട്വന്റിഫോറിനോട് പറഞ്ഞു.
ഇത്രയും നേരത്തേ കോണ്‍ഗ്രസ് മുമ്പൊരിക്കലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. വിവാദങ്ങളുണ്ടാകുമ്പോള്‍ എല്ലാവരും എന്റെ നേരെ തോക്ക് ചൂണ്ടുന്നു. കൂട്ടായി എടുക്കുന്ന തീരുമാനത്തിന്റെ ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. ഞാന്‍ അത് അംഗീകരിക്കുന്ന ആളാണെന്നും അതിൽ വെള്ളം ചേർക്കുന്നയാളല്ല താനെന്നും വിഡി സതീശൻ പറഞ്ഞു.
മുഹമ്മദ് ഷിയാസിനെ സ്ഥാനാർത്ഥിയായി നിർദേശിച്ചത് താനല്ല കെസി വേണുഗോപാലെന്ന് അദേഹം വ്യക്തമാക്കി. മുഹമ്മദ് ഷിയാസ് ഏറ്റവും നല്ല സ്ഥാനാർഥിയാകുമെന്ന് സിഇസിയില്‍ പറഞ്ഞത് കെസി വേണുഗോപാലെന്നും വിഡി സതീശൻ പറഞ്ഞു. കെ സുധാകരനുമായി സഹോദരബന്ധമെന്ന് വിഡി സതീശൻ പറഞ്ഞു. കെ സുധാകരനുമായി ഒരു കാര്യത്തിനും പിണങ്ങിയിട്ടില്ല. സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്നും വിഡി സതീശൻ പറഞ്ഞു.







