290 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ പ്രതികരിച്ച് ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത്ത് ശര്‍മ്മയും. ജൂണ്‍ 12ന് ഉണ്ടായ അപകടത്തില്‍ രാജ്യമാകെ ഞെട്ടലിലാണ്. സംഭവത്തെ ‘ഹൃദയഭേദകം’ എന്ന് വിശേഷിപ്പിച്ച കോഹ്ലിയും ശര്‍മ്മയും സോഷ്യല്‍ മീഡിയയില്‍ അനുശോചനം രേഖപ്പെടുത്തിയുള്ള കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.
ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ 787-8 എന്ന വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീണത്. പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള വിമാനം വിമാനത്താവളത്തിന് പുറത്ത് നഗരത്തിലെ സിവില്‍ ആശുപത്രിയുടെയും ബിജെ മെഡിക്കല്‍ കോളേജിന്റെയും സമീപത്ത് ഇടിച്ചിറങ്ങുകയായിരുന്നു. വിമാനജീവനക്കാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേര്‍ക്കും ജീവന്‍ നഷ്ടമായതിന് പുറമെ 49 പ്രദേശവാസികള്‍ കൂടി അപകടത്തില്‍ മരിച്ചിരുന്നു. വിമാന യാത്രികരില്‍ തലനാരിഴക്ക് രക്ഷപ്പെട്ട 40-കാരന്‍ ചികിത്സയില്‍ തുടരുകയാണ്.









