ന്യൂയോര്‍ക്ക്: കോപ അമേരിക്ക ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ അര്‍ജന്‍റീനക്ക് ജയത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്‍റീന പുതുമുഖങ്ങളായ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി.ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 49-ാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വാരസും 88-ാം മിനിറ്റിൽ ലൗതാരോ മാര്‍ട്ടിനെസുമാണ് അര്‍ജന്‍റീനയുടെ വിജയഗോളുകള്‍ നേടിയത്.
നായകന്‍ ലിയോണൽ മെസി അടക്കം നിരവധി തുറന്ന അവസരങ്ങള്‍ നഷ്ടമാക്കിയപ്പോള്‍ ആറ് ഗോളിനെങ്കിലും ജയിക്കാമായിരന്ന അര്‍ജന്‍റീനയുടെ വിജയത്തിന്‍റെ തിളക്കം മങ്ങി.80-ാം മിനിറ്റിൽ പിന്‍നിരയില്‍ നീട്ടിക്കിട്ടിയ പന്തുമായി മധ്യനിരയിൽ നിന്ന് ഒറ്റക്ക് മുന്നേറിയ മെസി ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം പുറത്തേക്ക് അടിച്ച നഷ്ടമാക്കിയത് അവിശ്വസനീയമായി.
തൊട്ടു പിന്നാലെ മെസിയുടെ അസിസ്റ്റില്‍ ലഭിച്ച പന്ത് ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ലൗതാരോ മാര്‍ട്ടിനെസും നഷ്ടമാക്കി.മത്സരത്തിലാകെ അര്‍ജന്‍റീന 15 അവസരങ്ങള്‍ തുറന്നെടുത്ത് ഒമ്പത് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ചപ്പോള്‍ രണ്ട് തവണ മാത്രമാണ് കാനഡക്ക് അര്‍ജന്‍റീന പോസ്റ്റിലേക്ക് ലക്ഷ്യം വെക്കാനായത്. മത്സരത്തിലാകെ ഗോളെന്നുറച്ച അഞ്ച് അവസരങ്ങളാണ് കാനഡ ഗോള്‍ കീപ്പര്‍ ക്രീപ്യൂ രക്ഷപ്പെടുത്തിയത്. കളിയുടെ അവസാന നിമിഷങ്ങളില്‍ കാനഡ താരം ബോംബിറ്റോയുടെ ഫൗളില്‍ മെസിക്ക് പരിക്കേറ്റത് അര്‍ജന്‍റീനയുടെ ആശങ്ക കൂട്ടിയെങ്കിലും ഗുരുതരമല്ലാതിരുന്നത് ആശ്വാസമായി.
ലൗതാരോ മാര്‍ട്ടിനെസിനെ ബെഞ്ചിലിരുത്തി ജൂലിയന്‍ ആല്‍വാരസിനെ മുന്നേറ്റ നിരയില്‍ കളിപ്പിച്ചാണ് അര്‍ജന്‍റീന ആദ്യ ഇലവനെ ഇറക്കിയത്.77-ാം മിനിറ്റിലാണ് മാര്‍ട്ടിനെസ് ആല്‍വാരസിന്‍റെ പകരക്കാരനായി ഇറങ്ങിയത്. 11 മിനിറ്റിനകം 88-ാം മിനിറ്റില്‍ അല്‍വാരസ് അര്‍ജന്‍റീനയുടെ രണ്ടാം ഗോളും നേടി. അര്‍ജന്‍റീനയുടെ രണ്ടാം ഗോളിന് അസിസ്റ്റ് ചെയ്തതോടെ തുടര്‍ച്ചയായി ഏഴ് കോപ അമേരിക്ക ടൂര്‍ണെന്‍റുകളില്‍ അസിസ്റ്റ് നല്‍കുന്ന ആദ്യ താരമായി മെസി. കോപയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകളും(18) മെസിയുടെ പേരിലാണ്.