ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് കലാശപ്പോരാട്ടത്തിന് ലുസൈൽ സ്റ്റേഡിയം വേദിയാകുന്നു. ലോകകപ്പ് ഫൈനലിൽ അർജന്റീനക്ക് മുന്നിൽ കീഴടങ്ങിയ ശേഷം, കിലിയൻ എംബാപ്പെ വീണ്ടും ഖത്തറിൽ ബൂട്ടണിയുന്ന മത്സരമെന്ന പ്രത്യേകതയും ഇതിനുണ്ട്. ആതിഥേയരായ ഖത്തർ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഫിഫ മാച്ച് സെന്റർ മത്സരങ്ങൾ ഷെഡ്യുൾ ചെയ്തതായാണ് വിവരം.
ഫൈനലിൽ എംബാപ്പയുടെ റയൽ മഡ്രിഡിന്റെ എതിരാളികൾ ആരെന്നറിയാനുള്ള പ്ലേ ഓഫ് പോരാട്ടങ്ങൾക്ക് ലോകകപ്പിന്റെ മറ്റൊരു വേദിയായ 974 സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ഡിസംബർ 11, 14 തീയതികളിലാണ് ഈ മത്സരങ്ങൾ. ഫിഫ മാച്ച് സെന്ററിലെ മത്സര പട്ടികയിൽ ഇരു വേദികളും ഷെഡ്യൂൾപ്രകാരം പ്ലേ ഓഫ് മത്സരങ്ങൾ രാത്രി എട്ടിനും, റയൽ മഡ്രിഡ് കളിക്കുന്ന ഫൈനൽ രാത്രി ഒമ്പതിനുമാണ് ആരംഭിക്കുന്നത്.
ഫിഫ ക്ലബ് ഫുട്ബാളിന് പകരമായി അവതരിപ്പിക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പിന്റെ പ്രഥമ പതിപ്പിനാണ് ഖത്തർ വേദിയാകുന്നത്. മത്സരത്തിന്റെ രണ്ടാം റൗണ്ടിലെ അൽ അഹ്‍ലി-അൽ ഐൻ മത്സരം ഒക്ടോബർ 29ന് കൈറോയിൽ നടക്കും. അമേരിക്കൻ ഡെർബി എന്ന് വിശേഷിപ്പിക്കുന്ന കോൺകകാഫ് ജേതാക്കളായ പചുക, തെക്കനമേരിക്കൻ ജേതാക്കൾ എന്നിവരാണ് ഡിസംബർ 11ന് 974 സ്റ്റേഡിയത്തിൽ മാറ്റുരക്കുന്നത്.
ഈ മത്സരത്തിലെ വിജയികളും ഒക്ടോബർ 29ലെ വിജയികളും തമ്മിലാവും 14ന് നടക്കുന്ന േപ്ലഓഫിൽ കളിക്കുന്നത്. സെമിഫൈനൽ കൂടിയായ ഈ അങ്കത്തിലെ വിജയികളാവും ഡിസംബർ 18ന് റയലിനെ നേരിടാൻ ലുസൈലിൽ ബൂട്ടണിയുക. മത്സരത്തിന്റെ ടിക്കറ്റ് വിൽപന അടുത്തമാസത്തോടെ ആരംഭിക്കും.