ഇന്ത്യക്കെതിരെ നാട്ടില്‍ തുടര്‍ച്ചയായി രണ്ട് പരമ്പരകള്‍ തോറ്റ ഓസീസ് പ്രതികാരം ചെയ്യാന്‍ ഒരുങ്ങിത്തന്നെയാകും ഇറങ്ങുകയെന്ന് ഗവാസ്കര്‍ പറഞ്ഞു.
മുംബൈ: നവംബറില്‍ തുടങ്ങുന്ന ഓസ്ട്രേലിയ-ഇന്ത്യ ടെസ്റ്റ് പരമ്പരക്കിടെയുള്ള പരിശീലന മത്സരം വെട്ടിക്കുറക്കാനുള്ള ബിസിസിഐ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ നായകന്‍ സുനില്‍ ഗവാസ്കര്‍. സന്ദര്‍ശക ടീമുകള്‍ ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി കളിക്കാറുള്ള പതിവ് ത്രിദിന പരിശീലന മത്സരം ബിസിസിഐയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ദ്വിദിന മത്സരമായി കുറച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെതിരെയാണ് മിഡ് ഡേ പത്രത്തിലെഴുതിയ കോളത്തില്‍ ഗവാസ്കര്‍ വിമര്‍ശനവുമായി എത്തിയത്. പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റിനുശേഷമാണ് പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി കാന്‍ബറയിലാണ് ഇന്ത്യ പരിശീലന മത്സരം കളിക്കേണ്ടത്.
ഇന്ത്യക്കെതിരെ നാട്ടില്‍ തുടര്‍ച്ചയായി രണ്ട് പരമ്പരകള്‍ തോറ്റ ഓസീസ് പ്രതികാരം ചെയ്യാന്‍ ഒരുങ്ങിത്തന്നെയാകും ഇറങ്ങുകയെന്ന് ഗവാസ്കര്‍ പറഞ്ഞു. അതുകൊണ്ട് തന്ന നല്ല തയാറെടുപ്പ് നടത്തിയാലെ ഇന്ത്യക്ക് ഓസ്ട്രേലിയയിലെ സാഹചര്യങ്ങളുമായി എളുപ്പം ഇണങ്ങാനാവു. ആദ്യ ടെസ്റ്റിനുശേഷം നവംബര്‍ 30 മുതല്‍ നടക്കേണ്ട ത്രിദിന പരിശീലന മത്സരം ദ്വിദന മത്സരമായി കുറച്ചത് മാറ്റാന്‍ ഇനിയും ആവശ്യത്തിന് സമയമുണ്ട്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം വേണമെങ്കില്‍ യുവതാരങ്ങളെയെങ്കിലും പരിശീലന മത്സരത്തില്‍ കളിപ്പിക്കണം. അവര്‍ക്ക് ഇതിലും നല്ല പരിശീലനം കിട്ടാനില്ല.
സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങളെ മാത്രം സന്നാഹ മത്സരത്തില്‍ കളിപ്പിച്ചാലും കുഴപ്പമില്ല. കാരണം ഓസ്ട്രേലിയയിലേക്ക് പോകുന്നത് ക്രിക്കറ്റ് കളിക്കാനാണ്, അല്ലാതെ വിശ്രമമമെടുക്കാനല്ലെന്നും ബിസിസിഐ മനസുവെച്ചാല്‍ ഇപ്പോഴും ത്രിദിന പരിശീലന മത്സരം നടത്താവുന്നതേയള്ളൂവെന്നും ഗവാസ്കര്‍ പറഞ്ഞു.
ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പര കഴിഞ്ഞ് 43 ദിവസത്തെ ഇടവേളക്ക് ശേഷം അടുത്തമാസം 19ന് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഇനി ഇന്ത്യൻ ടീം കളിക്കുക. അതിനുശേഷം ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കും. നവംബര്‍ 22 മുതല്‍ പെര്‍ത്തിലാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. 1992നുശേഷം ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ അഞ്ച് ടെസ്റ്റുകളില്‍ കളിക്കുന്നത്.