ദക്ഷിണാഫ്രിക്കക്കെതിരെ തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും സെഞ്ചുറി നേടി വിരാട് കോലി. സെഞ്ച്വറി നേട്ടം 90 പന്തിൽ. ഏകദിന കരിയറിൽ കോലിയുടെ 53 ആം സെഞ്ച്വറി ആണിത്. കന്നി ഏകദിന സെഞ്ചുറി നേടിയ റുതുരാജ് ഗെയ്ക്‌വാദിന്‍റെയും ബാറ്റിംഗ് കരുത്തില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് കടക്കുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ റാഞ്ചി ഏകദിനത്തില്‍ 120 പന്തില്‍ 135 റണ്‍സടിച്ച കോലി കരിയറില 52-ാം ഏകദിന സെഞ്ചുറി നേടിയിരുന്നു. കോലിയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ 17 റണ്‍സിന് മത്സരം ജയിച്ചു.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 42 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തിട്ടുണ്ട്. 102 റണ്‍സുമായി വിരാട് കോലിയും 105 റൺസ് നേടിയ റുതുരാജ് ഗെയ്ക്‌വാഡും പുറത്തായി. ജഡേജയും കെ എൽ രാഹുലുമാണ് ക്രീസിൽ. 77 പന്തില്‍ ആദ്യ ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയ റുതുരാജ് ഗെയ്ക്‌വാദ് 36ാം ഓവറില്‍ 83 പന്തില്‍ 105 റണ്‍സെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റില്‍ റുതുരാജ്-കോലി സഖ്യം156 പന്തില്‍ 195 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. ദക്ഷിണാഫ്രിക്കക്കായി മാര്‍ക്കോ യാൻസന്‍ രണ്ട് വിക്കറ്റെടുത്തു.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഏകദിനങ്ങളില്‍ തുടര്‍ച്ചയായ ഇരുപതാം മത്സരത്തിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമായത്. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റങ്ങള്‍ വരുത്തി. ക്യാപ്റ്റനായി ടെംബാ ബാവുമ തിരിച്ചെത്തിയപ്പോള്‍ കേശവ് മഹാരാജും ലുങ്കി എൻഗിഡിയും ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി.









