
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് രണ്ടാം ജയം. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ 8 വിക്കറ്റിന് തകര്‍ത്തു. 170 റണ്‍സ് വിജയലക്ഷ്യം മറികടന്നത് 13 പന്ത് ബാക്കിനില്‍ക്കെ. ബംഗളൂരുവിന്റെ സീസണിലെ ആദ്യ തോല്‍വിയാണിത്.
ജോസ് ബട്‌ലര്‍ പുറത്താകാതെ 73 റണ്‍സ് എടുത്തു. 39 പന്തില്‍ നിന്ന് ആറു സിക്സും അഞ്ചു ഫോറുമടക്കമാണ് ജോസ് ബട്ട്‌ലര്‍ നേടിയത്.
49 റണ്‍സ് എടുത്ത സായി സുദര്‍ശനും തിളങ്ങി. 36 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു സുദര്‍ശന്റെ ഇന്നിംഗ്‌സ്. രണ്ട് വിക്കറ്റില്‍ 75 റണ്‍സ് ആണ് സുദര്‍ശന്‍ – ബട്‌ലര്‍ സഖ്യം കൂട്ടിച്ചേര്‍ത്തത്. സുദര്‍ശന്‍ പുറത്തായതിന് പിന്നാലെയെത്തിയ ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ് 18 പന്തില്‍ 30 റണ്‍ നേടി. മൂന്ന് സിക്‌സും ഒരു ഫോറുമടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. 63 റണ്‍സാണ് ബട്ട്ലര്‍ – റുഥര്‍ഫോര്‍ഡ് സഖ്യം കൂട്ടിച്ചേര്‍ത്തത്.
നേരത്തെ, ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബെംഗളൂരു 8 വിക്കറ്റ് നഷ്ടത്തിലാണ് 169 റണ്‍സെടുത്തത്. 54 റണ്‍സെടുത്ത ലിയാം ലിവിങ്സ്റ്റണാണ് ടോപ് സ്‌കോറര്‍. വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ആര്‍സിബിയെ എറിഞ്ഞൊതുക്കിയത്.