ആരോപണം വന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. യുഡിഎഫിന് വേണ്ടിയോ കോൺഗ്രസിന് വേണ്ടി രാഹുൽ പ്രചരണ രംഗത്ത് എത്തിയതായി അറിവില്ല. പുതുപ്പള്ളിയിൽ തന്നെ എന്റെ അറിവിൽ രാഹുൽ കോൺഗ്രസ് പ്രചരണത്തിന് എത്തി എന്നറിയില്ല. പുതുപ്പള്ളിയിലോ പാലക്കാടോ രാഹുൽ കോൺഗ്രസ് പ്രചാരണത്തിന് എത്തിയതിനെക്കുറിച്ച് വിശദീകരിക്കേണ്ടത് പ്രാദേശിക നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ ഒരു കാരണവശാലും ന്യായീകരിക്കാൻ സാധിക്കില്ല. അത്തരത്തിൽ സൈബർ ആക്രമണം നടത്തുന്നവരിൽ കോൺഗ്രസുകാർ ആരുമില്ലെന്നും, ആരെങ്കിലും അത് ചെയ്തിട്ടുണ്ടെങ്കിൽ അവർ കോൺഗ്രസുകാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദീപ് വാര്യർക്കെതിരെ നിലനിൽക്കുന്ന കേസ് അദ്ദേഹം തന്നെ നേരിടുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതിനിടെ, പീഡനക്കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് ഒളിപ്പിച്ചിരിക്കുന്നു എന്ന ആരോപണം ബാലിശമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. ഒളിപ്പിച്ചു വച്ച സ്ഥലം സിപിഎമ്മിന് അറിയില്ലെങ്കിൽ കൂടെ പോകാൻ താനും തയ്യാറാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ, പാർട്ടിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ സണ്ണി ജോസഫ് പറഞ്ഞു.







