ഇസ്രായേൽ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുല്ല നേതാവ് മുഹമ്മദ് സ്രൂർ കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണ് ആക്രമണമെന്ന് ഹൂതി കമാൻഡർ അറിയിച്ചു.
ടെൽ അവീവ്: ഇസ്രായേലിനെതിരെ ആക്രമണം ആരംഭിച്ച് യെമനിലെ ഹൂതികൾ. ഹിസ്ബുല്ലയ്ക്ക് എതിരെ വ്യോമാക്രണം നടത്തുന്നതിനിടെയാണ് ഇസ്രായേലിന് നേരെ ഹൂതികൾ മിസൈൽ ആക്രമണം നടത്തിയത്. ഹൂതികൾ തൊടുത്ത മിസൈൽ ആരോ എയർ ഡിഫൻസ് സിസ്റ്റം നിർവീര്യമാക്കിയതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. വ്യാഴാഴ്ച രാത്രി യെമനിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലാണ് അതിർത്തിയ്ക്ക് പുറത്തുവെച്ച് ഇസ്രായേൽ തടഞ്ഞത്.
വ്യാഴാഴ്ച മുതിർന്ന ഹിസ്ബുല്ല നേതാവ് മുഹമ്മദ് സ്രൂർ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് ആക്രമണമെന്ന് ഒരു ഹൂതി കമാൻഡർ പറഞ്ഞു. മുഹമ്മദ് സ്രൂരിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് അപ്രതീക്ഷിത ആക്രമണമെന്ന് ഇസ്രായേൽ ന്യൂസ് ഏജൻസിയായ സബയുടെ ചെയർമാൻ നസറുദ്ദീൻ അമേർ സ്ഥിരീകരിച്ചു. ഇറാന്റെ പിന്തുണയുള്ള ഹൂതികളെ പരിശീലിപ്പിക്കാൻ യെമനിലേക്ക് അയച്ച ഹിസ്ബുല്ലയുടെ നിരവധി ഉപദേഷ്ടാക്കളിൽ ഒരാളാണ് മുഹമ്മദ് സ്രൂർ എന്നാണ് റിപ്പോർട്ട്. അതേസമയം, ലെബനനെയും ഹിസ്ബുല്ലയെയും പിന്തുണയ്ക്കാൻ മടിയ്ക്കില്ലെന്ന് ഹൂതികളുടെ നേതാവായ അബ്ദുൾ മാലിക് അൽ-ഹൂതി വ്യക്തമാക്കി.
ഒരു വർഷത്തിലേറെയായി ഗാസയിൽ ഹമാസുമായുള്ള ഏറ്റുമുട്ടലിലായിരുന്നു ഇസ്രായേൽ. ഇതിന് പിന്നാലെയാണ് ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുല്ലയിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചത്. ഇതോടെ ഹിസ്ബുല്ലയും ഇസ്രായേൽ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായി. നിലവിൽ ലെബനനിൽ നിന്ന് ഹിസ്ബുള്ളയുടെയും യെമനിൽ നിന്ന് ഹൂതി വിമതരുടെയും ഭീഷണികൾ ഒരുപോലെ നേരിടുകയാണ് ഇസ്രായേൽ.