
ഗുജറാത്തിലെ അമ്രേലിയിൽ വീടിനകത്ത് സിംഹം. അടുക്കളയിലാണ് സിംഹത്തിനെ കണ്ടത്. നാട്ടുകാർ പിന്നീട് ഓടിച്ചുവിട്ടു. രണ്ട് മണിക്കൂറോളം അടുക്കളയിലെ ഭിത്തിയിൽ ഇരുന്നു. ഇതോടെ താമസക്കാർ പരിഭ്രാന്തരായി. തുടർന്ന് ഗ്രാമവാസികൾ ഓടിയെത്തി ലൈറ്റുകളും ശബ്ദങ്ങളും ഉപയോഗിച്ച് സിംഹത്തെ ഓടിച്ചു.
കോവയ ഗ്രാമത്തിൽ മുലുഭായ് റാംഭായ് ലഖന്നോത്രയുടെ കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് മേൽക്കൂരയുടെ വിടവിലൂടെ ഒരു സിംഹം അവരുടെ വീട്ടിൽ കയറിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുടുംബം വീട്ടിൽ നിന്ന് ഓടി പുറത്തിറങ്ങി ഗ്രാമവാസികളെ സിംഹത്തിന്റെ സന്ദർശനത്തെക്കുറിച്ച് അറിയിച്ചു.
ഗുജറാത്തിലെ അമ്രേലി ജില്ലയിൽ നടന്ന സംഭവം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ചുമരിനു മുകളിൽ ഇരിക്കുന്ന ഒരു സിംഹം അടുക്കളയിലേക്ക് ഒളിഞ്ഞുനോക്കുന്നത് വിഡിയോയിൽ കാണാം. ഏകദേശം രണ്ട് മണിക്കൂറിനുശേഷം സിംഹത്തെ തുരത്തി. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.
ഫെബ്രുവരിയുടെ തുടക്കത്തിൽ, ഗുജറാത്തിലെ ഭാവ്‌നഗർ-സോംനാഥ് ഹൈവേയിൽ ഒരു ഏഷ്യൻ സിംഹം റോഡിലൂടെ നടക്കുന്ന വിഡിയോ വൈറലായിരുന്നു. വാഹനങ്ങൾ 15 മിനിറ്റെങ്കിലും നിർത്തിയിട്ടു തുടർന്ന് ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരുന്നു. സിംഹത്തെ ഹൈവേ മുറിച്ചുകടക്കാൻ കാറുകളും ട്രക്കുകളും ബൈക്കുകളും നിർത്തി. റോഡിന്റെ മറുവശത്ത് നിർത്തിയ ഒരു കാറിൽ നിന്നാണ് വിഡിയോ ചിത്രീകരിച്ചത്.