സൂര്യനെ പേടിച്ച് പുറത്തിറങ്ങാൻ ഭയക്കുന്നവരാണ് നമ്മളിൽ പലരും. സൂര്യപ്രകാശമേൽകുന്നത് ചർമ്മത്തിന് ദോഷമാണെന്ന് കരുതി സൺസ്‌ക്രീൻ കൂടെ കൊണ്ട് നടക്കുന്നവരുടെ എണ്ണത്തിലും കുറവൊന്നുമില്ല. ഇപ്പോഴിതാ സൂര്യപ്രകാശത്തിൽ കൂടുതൽ നേരം ചിലവഴിക്കുന്നത് ആയുസ്സ് വർധിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. സ്വീഡനിലെ ലണ്ട് സർവകലാശാലയിലെ ഗവേഷകർ ഇത് സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച “Journal of Internal Medicine” എന്ന ജേണലിലാണ് ഇക്കാര്യം പറയുന്നത്.
സൂര്യപ്രകാശം ഏൽക്കുന്നത് ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ അസുഖങ്ങളും , മരണസാധ്യതയും കുറയ്ക്കുമെന്നും ആയുർദൈർഘ്യം വർധിപ്പിക്കുമെന്നുമാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. 20 വർഷത്തിലേറെ നീണ്ടു നിന്ന ഈ പഠനത്തിൽ 30-49 വയസ്സ് പ്രായത്തിനിടയിലുള്ള സ്വീഡിഷ് സ്ത്രീകളെയാണ് ഉൾപ്പെടുത്തിയത്. (Embracing regular sunlight exposure offers significant health )
സൂര്യപ്രകാശമേൽക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് സൂര്യപ്രകാശത്തിൽ സമയം ചെലവഴിക്കുന്ന സ്ത്രീകൾക്ക് ഹൃദയസംബന്ധമായ രോഗങ്ങളും മരണസാധ്യതയും 30-40% കുറവാണെന്നും പ്രകാശം കൂടുതലായി ഏൽക്കുന്നവരുടെ മൊത്തം ആയുർദൈർഘ്യം ശരാശരി 0.6 മുതൽ 2.1 വർഷം വരെ കൂടുതലാണെന്നും പഠനത്തിൽ തെളിഞ്ഞു. എന്നാൽ പുകവലി ശീലമാക്കിയ സ്ത്രീകളിൽ ഇത് അത്ര ഫലപ്രദമല്ലെന്നും പുകവലി ഈ ഗുണങ്ങളെ നശിപ്പിക്കുന്നതായും ഗവേഷകർ പറയുന്നു. അതിരാവിലെയും വൈകുനേരങ്ങളിലെയും വെയിൽ കൊള്ളുന്നതാണ് ആരോഗ്യത്തിന് ഏറെ ഗുണകരം. ഈ സമയങ്ങളിൽ സൺഗ്ലാസ്സുകൾ ഒഴിവാക്കുന്നതും നല്ലതാണ് കാരണം കണ്ണുകൾക്കും വെളിച്ചം ലഭിക്കേണ്ടതുണ്ട്.
സൂര്യപ്രകാശത്തിൽ വിറ്റാമിൻ D ഉത്പാദനം വർധിപ്പിക്കുകയും ,നൈട്രിക് ഓക്സൈഡിന്റെ അളവ് വർധിപ്പിച്ച് രക്തസമ്മർദ്ദം കുറയ്ക്കുകയും, രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ അകാല വാർദ്ധക്യം തടയുന്നതിനും മാനസികാരോഗ്യം വർധിപ്പിക്കുന്നതിനും,മെച്ചപ്പെട്ട ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു. അമിതമായി സൂര്യപ്രകശം ഏൽക്കുന്നത് സ്കിൻ കാൻസർ ഉണ്ടാക്കുമെങ്കിലും, സൂര്യപ്രകാശം ഒഴിവാക്കുന്നതാണ് കൂടുതൽ അപകടം എന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.









