മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം 7478 സീറ്റുകളുടെയും കാസർകോട് 252 സീറ്റുകളുടെയും പാലക്കാട് 1757 സീറ്റുകളുടെയും കുറവാണ് ഉള്ളത്. മലപ്പുറത്ത് 7 താലൂക്കിൽ സയൻസ് സീറ്റ് അധികവും കൊമേഴ്സ്, ഹ്യൂമാനീറ്റിസ് സീറ്റുകള്‍ കുറവുമാണ്. മലപ്പുറത്ത് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറത്ത് സർക്കാർ മേഖലയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 85 സ്‌കൂളുകളും എയിഡഡ് മേഖലയിൽ 88 സ്‌കൂളുകളുമാണ് ഉള്ളത്. ഹയർ സെക്കണ്ടറി രണ്ടാം വർഷം ഇപ്പോൾ പഠിക്കുന്നത് 66,024 കുട്ടികളാണ്. നിലവിലെ മലപ്പുറത്തിന്റെ സാഹചര്യം പരിഗണിച്ച് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കുക എന്നത് തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ജൂലൈ രണ്ടിന് സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. രണ്ട്, മൂന്ന്, നാല് തീയതികളിലായി സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. സംസ്ഥാനത്തെമ്പാടുമുള്ള താലൂക്ക് തല സ്ഥിതി വിവരക്കണക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച് കഴിഞ്ഞു.
മലപ്പുറം ജില്ലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ രണ്ട് പേർ അടങ്ങുന്ന സമിതിയെ നിശ്ചയിക്കുകയാണ്. ഹയർ സെക്കണ്ടറി ജോയിന്റ് ഡയറക്ടർ അക്കാദമിക്‌സ്, മലപ്പുറം ആർ.ഡി.ഡി. എന്നിവരാണ് സമിതി അംഗങ്ങൾ. ജൂലൈ 5 നകം സമിതി റിപ്പോർട്ട് സർക്കാരിന് നൽകണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. നിലവിൽ ജൂലൈ 31 നകം അഡ്മിഷൻ അവസാനിപ്പിക്കുന്ന രീതിയിലാണ് പ്രവേശന ഷെഡ്യൂൾ ക്രമപ്പെടുത്തിയിരിക്കുന്നത്. പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കും. ഇതിനകം ക്ലാസ് നഷ്ടമാകുന്ന വിദ്യാർത്ഥികൾക്ക് ബ്രിഡ്ജ് കോഴ്‌സ് നൽകി പഠനവിടവ് നികത്താനുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.