മെട്രോ ലൈനുകളുടെ പാളത്തിലൂടെ ഉള്ള വൈദ്യുതി ഇത്രത്തോളം ശക്തം അല്ലെങ്കിലും ജീവനെടുക്കാൻ അതും ധാരാളം
ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി തട്ടി മരണം സംഭവിക്കുന്ന വാര്‍ത്ത കേരളത്തില്‍ നിന്നും പുറത്തുവന്നിരിക്കുകയാണ്. കൽക്കരിയുടെ കാലത്ത് തീവണ്ടികൾക്ക് മുകളിൽ കയറിയുള്ള യാത്രകൾ ഇന്ത്യയിൽ സർവസാധാരണമായിരുന്നു. എന്നാൽ ഇന്ന് ട്രെയിനിന് മുകളിൽ കയറുക എന്നാൽ മരണത്തിലേക്കുള്ള യാത്രയാണ്. വീട്ടിലെ വൈദ്യുതിയുടെ നൂറ് മടങ്ങ് ശക്തമായ വൈദ്യുതിയാണ് റെയിൽവേ ലൈനിൽ ഉപയോഗിക്കുന്നത് എന്നതുതന്നെ ഇതിന് കാരണം.
രണ്ട് തരത്തിലുള്ള വൈദ്യുതി ലൈനുകൾ ഇന്ത്യയിൽ റെയിൽവേ ഉപയോഗിക്കുന്നുണ്ട്. ട്രെയിനിന് മുകളിലൂടെ പോകുന്ന ഓവർഹെഡ് ലൈനുകൾ ആണ് ഇതില്‍ ഏറ്റവും കൂടുതൽ. തീവണ്ടിയുടെ മേൽത്തട്ടിൽ നിന്ന് നീളുന്ന ലോഹദണ്ഡുകളിലൂടെ വൈദ്യുതി വണ്ടിയിൽ എത്തിക്കുന്ന രീതിയാണിത്. ലൈനിൽ നിന്ന് വൈദ്യുതി ട്രെയിനിൽ എത്തിക്കുന്ന യന്ത്ര സംവിധാനത്തെ പാന്‍റോഗ്രാഫ് എന്ന് വിളിക്കുന്നു. എന്നാൽ പല മെട്രോ ലൈനുകളിലും ട്രാക്കിന് നടുവിലെ പ്രത്യേക വൈദ്യുത പാളത്തിൽ നിന്നാണ് ട്രെയിനിന് ആവശ്യമായ വൈദ്യുതി ലഭിക്കുന്നത്. ഈ വൈദ്യുത പാളത്തെ തേഡ് റെയിൽ എന്നും കണ്ടക്ടർ റെയിൽ എന്നും വിളിക്കുന്നു. ഈ രണ്ട് മാര്‍ഗങ്ങളില്‍ ഏതിലായാലും മനുഷ്യൻ സ്‌പർശിച്ചാൽ മരണം ഉറപ്പ്. ഇന്ത്യയിൽ വീടുകളിൽ സാധാരണ ഉപയോഗിക്കുന്ന വൈദ്യുതി 220 വോള്‍ട്ട് ആണ്. എന്നാൽ റെയിൽവേയുടെ ഓവർഹെഡ് പവർ സപ്ലൈയിൽ 25000 വോള്‍ട്ട്‌സ് ആണ് ഉപയോഗിക്കുന്നത്. വൈദ്യുത ലൈനിൽ തൊടുന്ന സെക്കന്‍റിൽ മനുഷ്യ ശരീരം കത്തിക്കരിയും. ഭീകരമായ ഇത്തരം അപകടങ്ങൾ മുൻപും ഇന്ത്യയിൽ പലയിടത്തും സംഭവിച്ചിട്ടുണ്ട്.
മെട്രോ ലൈനുകളുടെ പാളത്തിലൂടെ ഉള്ള വൈദ്യുതി ഇത്രത്തോളം ശക്തം അല്ലെങ്കിലും ജീവനെടുക്കാൻ അതും ധാരാളം. അതിനാലാണ് മെട്രോ ലൈനുകളിൽ പാളം ക്രോസ് ചെയ്യുന്നത് കർശനമായി തടയുന്നത്. 2006ൽ കൊല്ലത്ത് ട്രെയിൻ തടയൽ സമരത്തിനെത്തിയ 11 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വൈദ്യുതാഘാതം ഏറ്റിരുന്നു. സമരക്കാരുടെ കയ്യിൽ ഉണ്ടായിരുന്ന കൊടിയുടെ അഗ്രം റെയിൽവേ വൈദ്യുത ലൈനിൽ തട്ടുകയായിരുന്നു. ഭാഗ്യത്തിനാണ് അന്ന് വൻ ദുരന്തം ഒഴിവായത്. ട്രെയിനിന് മുകളിൽ കയറിയും വാതിലുകളിൽ തൂങ്ങിനിന്നുമുള്ള അപകടകരമായ സാഹസ യാത്രയെ ട്രെയിൻ സർഫിങ് എന്നാണ് വിളിക്കുന്നത്. ഇന്ത്യയിൽ ഓരോ വർഷവും ട്രെയിൻ സർഫിങ്ങിൽ നിരവധി ചെറുപ്പക്കാർക്ക് ജീവൻ നഷ്ടമാകുന്നുണ്ട്. സിനിമയിലും മറ്റും അതീവ സുരക്ഷിതമായി തീവണ്ടികൾക്ക് മുകളിൽ ചിത്രീകരിക്കുന്ന ഗാനരംഗങ്ങളും മറ്റും കണ്ട് അനുകരിക്കാൻ ശ്രമിച്ചാൽ അപകടം ഉറപ്പെന്ന് റെയിൽവേ പലവട്ടം മുന്നറിയിപ്പ് നൽകിയതാണ്.