പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ കൺവെൻഷനിലേക്ക് ശോഭാ സുരേന്ദ്രനെ എത്തിക്കാൻ ബിജെപിയുടെ തീവ്രശ്രമം. മുതിർന്ന നേതാക്കൾ ശോഭാ സുരേന്ദ്രനുമായി സംസാരിച്ചു. മണ്ഡലത്തിൽ ശോഭ സുരേന്ദ്രന്റെ അസാന്നിധ്യം യുഡിഎഫ് ചർച്ചയാക്കിയിരുന്നു.
ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രചരണത്തിന് പാലക്കാട് എത്തുമെന്ന്
കെ സുരേന്ദ്രൻ അറിയിച്ചു. ശോഭാ സുരേന്ദ്രനെ ചുറ്റിപ്പറ്റി മാധ്യമങ്ങൾ തെറ്റായ പ്രചരണം നടത്തുന്നു.ഓരോ ഘട്ടത്തിലും ഏതൊക്കെ നേതാക്കൾ വരണമെന്ന് ബിജെപി നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ബിജെപിയിൽ ഒരുതരത്തിലുള്ള ഭിന്നതകളുമില്ല. പാലക്കാട് ബിജെപിക്ക്മി കച്ച സംഘടനാ സംവിധാനമുണ്ട്.പുറത്തുനിന്ന് ആരും വന്ന് തെരഞ്ഞെടുപ്പ് ജോലി ചെയ്യേണ്ട ആവശ്യമില്ലെന്നും കെ സുരേന്ദ്രൻ 24 നോട് പറഞ്ഞു. ശോഭാ സുരേന്ദ്രൻ കൺവെൻഷന് എത്തുമോയെന്ന ചോദ്യത്തോടായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
അതേസമയം ത്രികോണ മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ പരമാവധി വോട്ടർമാരെ കാണാൻ നെട്ടോട്ടമോടി സ്ഥാനാർത്ഥികൾ . കഴിഞ്ഞ ദിവസം പള്ളിയിൽ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. രാവിലെ വിവിധ പള്ളികളിൽ എത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഉച്ചയ്ക്കുശേഷം മാത്തൂർ പഞ്ചായത്തിൽ ആയിരുന്നു പ്രചാരണം നടത്തിയത്. എൽഡിഎഫ് സ്ഥാനാർഥി പി സരിൻ 5. 30ന് കൽപ്പാത്തിയിൽ ആരംഭിച്ച വോട്ട് ചോദിക്കൽ കാണിക്കമാതാ കോൺവെന്റിനു മുന്നിൽനിന്ന് ആരംഭിച്ച റോഡ് ഷോയിലൂടെയാണ് അവസാനിപ്പിച്ചത്. എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ ആകട്ടെ പള്ളികളിലും പാലക്കാട് സൗത്ത് ഏരിയയിലും വോട്ടഭ്യർത്ഥിച്ചെത്തി. വരും ദിവസങ്ങളിൽ സ്ഥാനാർത്ഥികൾക്ക് വോട്ട് ചോദിച്ച് ദേശീയ, സംസ്ഥാന നേതാക്കൾ പാലക്കാട്ടേക്ക് എത്തും.









