തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ പൊലീസ് കേസെടുത്തതിൽ പ്രതികരിച്ച് പാറമേക്കാവ് ദേവസ്വം.
പൂരം നടത്തിയതിന് എഫ്ഐആർ ഇട്ട് ഉപദ്രവിക്കാനാണെങ്കിൽ അംഗീകരിക്കില്ലെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി തന്നെ ഗൂഢാലോചനയില്ലെന്ന് പറഞ്ഞു. പിന്നെയെന്തിനാണ് എഫ്ഐആറിട്ട് അന്വേഷിച്ച് ദേവസ്വങ്ങളെയും സംഘാടകരെയും ബുദ്ധിമുട്ടിക്കുന്നതെന്ന് പാറമേക്കാവ് സെക്രട്ടറി ജി രാജേഷ് ചോദിച്ചു.
ഒരു നിലയ്ക്ക് ഉത്സവങ്ങളും ആഘോഷങ്ങളും പെരുന്നാളുകളും നടത്തരുത് എന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നത്. അതിന്റെ അവസാന ആണിയായാണ് എഫ്ഐആർ ഇട്ടത്. ഞങ്ങൾ അന്വേഷണവുമായി സഹകരിക്കും അക്കാര്യത്തിൽ തർക്കമില്ല. ദേവസ്വങ്ങൾ ആരും ഗൂഢാലോചന നടത്തിയിട്ടില്ല. ഏത് അന്വേഷണവും നേരിടാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങളുടെ ഭാഗത്തും തടസമുണ്ടായിട്ടില്ല. ബുദ്ധിമുട്ട് ഉണ്ടാക്കിയത് ഭരണകൂടമാണെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി അഭിപ്രായപ്പെട്ടു.
തൃശൂർ പൂരം കലക്കിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിലനിൽക്കെ പൂരം കലക്കലിൽ കേസെടുത്തിരിക്കുകയാണ് പൊലീസ്. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത് അന്വേഷണം വഴിമുട്ടിയെന്ന വിമർശനങ്ങൾക്കിടെയാണ് പൊലീസിന്റെ തിരക്കിട്ട നീക്കം.
ഈ മാസം മൂന്നിനായിരുന്നു പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനുശേഷം ഒമ്പത് ദിവസം കഴിഞ്ഞാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി സാബു മാത്യു, കൊച്ചി എസിപി പി രാജ്കുമാർ, വിജിലൻസ് ഡിവൈഎസ്പി ബിജു വി നായർ, ഇൻസ്പെക്ടർമാരായ ചിത്തരഞ്ജൻ, ആർ ജയകുമാർ എന്നിവരാണു സംഘത്തിലുള്ളത്.