പിറവം നഗരസഭയിലെ ഭരണം പോയാലും വേണ്ടില്ല പോത്തും പിടിയും വിളമ്പിയവന്‍ ഇനി പാര്‍ട്ടിയില്‍ വേണ്ടെന്ന തീരുമാനത്തിലാണ് മാണി ഗ്രൂപ്പ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പിടിയും പോത്തും വിളമ്പി കോട്ടയത്തെ യുഡിഎഫ് വിജയം ആഘോഷിച്ച കൗണ്‍സിലറെ അയോഗ്യനാക്കാന്‍ നടപടി തുടങ്ങി മാണി ഗ്രൂപ്പ്. പിറവത്തെ സ്വന്തം പാര്‍ട്ടിക്കാരനായ കൗൺസിലർ ജിൽസ് പെരിയപ്പുറത്തിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടാണ് മാണി ഗ്രൂപ്പ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. മാണി ഗ്രൂപ്പ് ജില്ലാ പ്രസിഡന്‍റിന്‍റെ പരാതിയില്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ ജില്‍സിന് നോട്ടീസ് അയച്ചു.
കോട്ടയത്ത് ചാഴികാടന്‍ തോറ്റപ്പോള്‍ പിറവത്ത് പോത്തും പിടിയും വിളമ്പി ആഘോഷം നടത്തിയ ഇടത് കൗണ്‍സിലര്‍ ജില്‍സ് . രണ്ടില ചിഹ്നത്തില്‍ ജയിച്ച് കൗണ്‍സിലറായ ശേഷം പൊതുതിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരായ ജില്‍സിന്‍റെ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു മാണി ഗ്രൂപ്പ്. പക്ഷേ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ് പാര്‍ട്ടിക്കിട്ട് പണിഞ്ഞ ജില്‍സിന് തിരിച്ചൊരു പണി കൊടുക്കാനുളള മാണി ഗ്രൂപ്പിന്‍റെ തീരുമാനം. ജില്‍സിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് മാണി ഗ്രൂപ്പ് ജില്ലാ പ്രസിഡന്‍റ് ടോമി ജോസഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
മാണി ഗ്രൂപ്പിന്‍റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചാല്‍ പിറവം നഗരസഭയിലെ ഇടതുമുന്നണി ഭരണം തന്നെ താഴെ പോകാനും സാധ്യതയുണ്ട്. ഭരണം പോയാലും വേണ്ടില്ല പോത്തും പിടിയും വിളമ്പിയവന്‍ ഇനി പാര്‍ട്ടിയില്‍ വേണ്ടെന്ന തീരുമാനത്തിലാണ് മാണി ഗ്രൂപ്പ്.