
വ്യാജരേഖ ചമച്ചതിനും വഞ്ചനാക്കുറ്റത്തിനുമാണ് കേസ്. സംഭവത്തില്‍ മാനേജരെയും സെക്രട്ടറിയെയും ബാങ്ക് സസ്പെൻഡ് ചെയ്തു
കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുളള ഇരിവേരി സർവീസ് സഹകരണ ബാങ്കിൽ ഒരു കോടി രൂപയുടെ വായ്പാ തട്ടിപ്പ്. ഒരു വ്യക്തിക്ക് വേണ്ടി പത്ത് ലക്ഷത്തിന്‍റെ പത്ത് ബെനാമി വായ്പകൾ ഒരേ ദിവസം അനുവദിച്ചത് കണ്ടെത്തിയതോടെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. വ്യാജരേഖകൾ നൽകിയാണ് വായ്പ നൽകിയതെന്നാണ് കണ്ടെത്തൽ. 2019ൽ അനുവദിച്ച ബിസിനസ് വായ്പകളിലാണ് ഇരിവേരി സഹകരണ ബാങ്കിൽ ക്രമക്കേട് കണ്ടെത്തിയത്.
പത്ത് ലക്ഷം രൂപ പത്ത് പേർക്ക് ബിസിനസ് വായ്പയായി അനുവദിച്ചു. വായ്പ ലഭിച്ചവരെല്ലാംഅഞ്ചരക്കണ്ടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. ഒരേ ദിവസം, അതേ സ്ഥാപനത്തിന്‍റെ രേഖകളിൻമേൽ എല്ലാ വായ്പയും പാസാക്കുകയായിരുന്നു. സ്ഥാപന ഉടമ രാഗേഷിനാണ് ആകെ ഒരു കോടിയുടെ വായ്പ കൈമാറിയത്. തിരിച്ചടവ് മുടങ്ങിയതോടെ പുതിയ ഭരണസമിതി നടത്തിയ പരിശോധനയിൽ ക്രമക്കേട് തെളിഞ്ഞു. ലൈസൻസ് രേഖകളടക്കം വ്യാജമായി നൽകിയാണ് വായ്പ പാസാക്കിയതെന്ന് കണ്ടെത്തി.
ഒരു കോടി രൂപയും കൈപ്പറ്റിയത് സ്വകാര്യ സ്ഥാപനത്തിലെ മാനേജരാണെന്നും വ്യക്തമായി. ഇതോടെ ഭരണസമിതി പ്രസിഡന്‍റ് പൊലീസിൽ പരാതി നൽകി. വായ്പയെടുത്ത പത്ത് പേരും ചട്ടവിരുദ്ധ വായ്പ അനുവദിച്ചതിന് മാനേജരും സെക്രട്ടറിയും സിപിഎമ്മിന്‍റെ തന്നെ മുൻ ഭരണസമിതി അംഗങ്ങളും പ്രതികളായി. വ്യാജരേഖ ചമച്ചതിനും വഞ്ചനാക്കുറ്റത്തിനുമാണ് കേസ്. മാനേജരെയും സെക്രട്ടറിയെയും ബാങ്ക് സസ്പെൻഡ് ചെയ്തു. വായ്പ അനുവദിച്ച സമയത്തെ ബാങ്ക് പ്രസിഡന്‍റ് സിപിഎം ഉന്നത നേതാവിന്‍റെ ബന്ധുകൂടിയാണ്. ഭരണസമിതി അറിയാതെ ഇത്രയും തുക വായ്പ നൽകാൻ കഴിയില്ലെന്നിരിക്കെ ജീവനക്കാരെ ബലിയാടാക്കിയെന്ന് ആക്ഷേപവുമുണ്ട്.