ഫെഫ്ക്കയ്‌ക്കെതിരെയും ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണനെതിരെയും ആഞ്ഞടിച്ച് സംവിധായകൻ ആഷിഖ് അബു. സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി പക്ഷപാതപരമായി പെരുമാറിയെന്ന് വിശ്വസിക്കാൻ കഴിയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംശയിക്കേണ്ടതില്ലെന്നും ഒരു സിനിമാസംഘടനയും ഇതിന്റെ രൂപീകരണഘട്ടത്തിൽ ഉണ്ടായിരുന്നില്ല, റിപ്പോർട്ട് പുറത്തുവന്ന് പത്തിരുപത് ദിവസത്തിന് ശേഷമാണ് ഇത്തരത്തിലുള്ളൊരു പ്രതികരണം പോലും സംഘടനയിൽ നിന്നുണ്ടായതെന്നും ആഷിഖ് അബു വിമർശിച്ചു.
പരാതിക്കാർ wcc അംഗങ്ങളായതിനാൽ സ്വാഭാവികമായും മുൻതൂക്കം കിട്ടിയിട്ടുണ്ടാകും.സിനിമാമേഖലയിലെ പവർ ഗ്രൂപ്പുകളെക്കുറിച്ച് ബി ഉണ്ണികൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം പറഞ്ഞിട്ടുണ്ടാവുക. പവർ ഗ്രൂപ്പുകളെ ചൂണ്ടിക്കാണിക്കുന്നത് അസാധ്യമായിട്ടുള്ള കാര്യമാണെന്നും അധികാര സ്ഥാനങ്ങളിൽ വർഷങ്ങളായി കടിച്ചു തൂങ്ങി നിൽക്കുന്ന സംഘങ്ങളാണ് പവർ ഗ്രൂപ്പ്, അധികാരം കൈയ്യാളുന്ന ആളുകളെയാണ് ഇതുകൊണ്ട് കമ്മിറ്റി ഉദ്ദേശിച്ചിട്ടുണ്ടാവുകയെന്നും ആഷിഖ് അബു ട്വന്റി ഫോറിനോട് പറഞ്ഞു.
പാർവതി തിരുവോത് ഉൾപ്പെടെയുള്ള നടിമാർ നേരിട്ടത് പ്രഖ്യാപിത വിലക്കുകളായിരുന്നില്ല. അവസരങ്ങൾ യൂണിയൻറെ ഔദാര്യമല്ല അത് പ്രതിഭ കൊണ്ട് നേടിയെടുത്തതാണ്. അധികാരം കയ്യാളുന്ന സംഘങ്ങൾ സിനിമയെ നിയന്ത്രിക്കുന്നുണ്ടെന്നും ആഷിഖ് അബു വ്യക്തമാക്കി.
ഒരു വ്യവസായ മേഖലയിൽ അനിവാര്യമാണ് ട്രേഡ് യൂണിയൻ. ഇത്തരം സ്വഭാവത്തിലുള്ള സംഘടന എന്തുകൊണ്ടും സിനിമാമേഖലയിൽ നല്ലതാണ്. ബാക്കിയുള്ള എല്ലാ ട്രേഡ് സംഘടനകളെയും തകർത്തുകൊണ്ടാണ് ഫെഫ്‌ക വന്നത് അതിലെ പ്രധാനിയാണ് ബി ഉണ്ണികൃഷ്ണൻ, ഒരു ട്രേഡ് യൂണിയൻ മാത്രമല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്മയിലെ ഒരു സംഘം താരങ്ങൾ ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ ബി ഉണ്ണികൃഷ്ണനെ സമീപിച്ചുവെന്നുപറയുന്ന വാർത്ത വളരെ ആശ്ചര്യത്തോടെയാണ് സംഘടനയിലെ മറ്റ് അംഗങ്ങൾ കാണുന്നത് അതുകൊണ്ടുതന്നെ ഇതിലൊക്കെ ഒരു വ്യക്തത വരുത്തേണ്ടതുണ്ട് അതിന് ശേഷം പ്രതികരണം നടത്തുമെന്നും ആഷിഖ് അബു ട്വന്റി ഫോർ ന്യൂസിനോട് വ്യക്തമാക്കി.