മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ട് ഇന്ത്യയിലെ യുപിഐ പേമെന്റുകള്‍. 20.64 ലക്ഷം കോടി മൂല്യമുള്ള 1,504 കോടി ഇടപാടുകളാണ് യുപിഐയിലൂടെ സെപ്റ്റംബര്‍ മാസം നടന്നത്. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 42 ശതമാനത്തിന്റെ വളര്‍ച്ച. സെപ്റ്റംബറില്‍ ശരാശരി പ്രതിദിന ഇടപാട് 68,800 കോടിയാണ്. ആഗസ്റ്റില്‍ ഇത് 66,475 കോടിയായിരുന്നു. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ.) കണക്കുകളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
സെപ്റ്റംബറില്‍ 43 കോടി ഇടപാടുകള്‍ ഐഎംപിഎസ് സംവിധാനം വഴിയും നടന്നിട്ടുണ്ട്. ആഗസ്റ്റില്‍ ഇത് 45.3 കോടിയായിരുന്നു. മൂല്യത്തിന്റെ കാര്യത്തില്‍ യുപിഐയെക്കാള്‍ പിന്നിലാണ് ഐഎംപിഎസ്. 5.65 ലക്ഷംകോടി രൂപയുടെ ഇടപാടുകളാണ് സെപ്റ്റംബറില്‍ ഐഎംപിഎസ് വഴി നടന്നത്.