സിറിയന്‍ അതിര്‍ത്തിയിലെ ഇസ്രയേല്‍ ആര്‍മിയുടെ സാന്നിധ്യത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തെന്ന് റിപ്പോര്‍ട്ട്. സിറിയയുടെ തെക്ക് ഭാഗത്ത് വെടിവയ്പ്പ് നടന്നതായി ഇസ്രയേലി സൈന്യം സ്ഥിരീകരിച്ചു. വെടിവയ്പ്പില്‍ മഹര്‍ അല്‍ ഹുസൈന്‍ എന്നയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ അതിര്‍ത്തി ഗ്രാമമായ മാറിയാഹിലെ പ്രതിഷേധത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്.
പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി വരികയാണ്. ഡിസംബര്‍ 8 ന് പ്രതിപക്ഷ സേന സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍-അസാദിനെ താഴെയിറക്കിയതിനുശേഷം സിറിയയില്‍ ഇസ്രയേല്‍ നൂറോളം ചെറുതും വലുതുമായ ഏറ്റുമുട്ടലുകള്‍ നടത്തിയെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനെ വിവിധ അന്താരാഷ്ട്ര സംഘടനകള്‍ അപലപിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ പട്രോളിംഗ് ബഫര്‍ സോണിലേക്ക് ഇസ്രായേല്‍ സൈന്യത്തെ അയച്ചെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
സമാധാനപരമായാണ് സിറിയന്‍ അതിര്‍ത്തിയില്‍ നാട്ടുകാര്‍ പ്രൊട്ടസ്റ്റ് നടത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ യുഎന്‍ പട്രോള്‍ഡ് സോണിന് പുറത്തുള്ള സൗത്തേണ്‍ പോയിന്റിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നതെന്നും അവിടുത്തെ പ്രതിഷേധം തങ്ങള്‍ ആപത്തെന്ന് നിരീക്ഷിക്കുകയും അതിന്റെ സ്വാഭാവിക മുന്‍കരുതലുകള്‍ സ്വീകരിക്കുകയുമായിരുന്നെന്ന് ഇസ്രയേലി സൈന്യം വിശദീകരിച്ചു. പ്രതിഷേധക്കാരുടെ കാലിലാണ് വെടിയുതിര്‍ത്തതെന്നും ഇസ്രയേലി സൈനിക വക്താക്കള്‍ കൂട്ടിച്ചേര്‍ത്തു.