സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ തുടങ്ങിയവർ അണിനിരന്ന സൂപ്പർഹിറ്റ് ചിത്രം സമ്മർ ഇൻ ബെദ്ലഹേം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ സാന്നിധ്യം ഇപ്പോഴുള്ളത് പോലെ ഒറ്റ രംഗം മാത്രമായിരുന്നില്ല എന്ന് സംവിധായകൻ. ചിത്രത്തിന്റെ 4K റീറിലീസിനോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിലായിരുന്നു സിബി മലയിലിന്റെ വെളിപ്പെടുത്തൽ.
“ചിത്രത്തിൽ നിന്നും 2 പ്രധാന രംഗങ്ങൾ ഞങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു എന്നത് ഇന്നും ഒരു രഹസ്യമാണ്. ഡെന്നീസ് എന്ന കഥാപാത്രം ആമിയുടെ കഴുത്തിൽ താലികെട്ടുന്നതിന് ശേഷം മോഹൻലാലിൻറെ നിരഞ്ജൻ ആമിയെ കൺവിൻസ് ചെയ്യുന്ന രംഗമായിരുന്നു ആദ്യത്തേത്. പിന്നെ ആമിയുടെ വീട്ടുകാരെല്ലാവരും ചേർന്ന് പുതിയൊരു ജീവിതത്തിലേക്ക് കടക്കാനായി ആമിയെ കൺവിൻസ് ചെയ്യുന്ന ഒരു രംഗമായിരുന്നു രണ്ടാമത്തേത് അതിന്റെ ഇടയിൽ വീണ്ടും മോഹൻലാൽ വരും” സിബി മലയിൽ പറയുന്നു.
എന്നാൽ ആ രംഗം വളരെ ദീർഘമുള്ളതായതിനാൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ മരണത്തിനു ശേഷം അത് കാണുന്ന പ്രേക്ഷകർ വല്ലാതെ അസ്വസ്ഥമാകുന്നുണ്ടായിരുന്നുവെന്നും അതിനാൽ ഒരു തിയറ്ററിൽ മാത്രം അത് കട്ട് ചെയ്ത് നോക്കി എന്നും സിബി മലയിൽ പറയുന്നു. എന്നാൽ ആ രംഗം കട്ട് ചെയ്താൽ നിരഞ്ജന്റെ മരണത്തിനു ശേഷം ക്ലൈമാക്സിൽ മഞ്ജുവിന്റെ കഥാപാത്രം വളരെ പ്രസന്നവതിയായി നിൽക്കുന്നത് കണ്ടാൽ പ്രേക്ഷകർക്ക് പന്തികേട് തോന്നില്ലേ എന്ന് സംശയമുണ്ടായിരുന്നു എന്നും എന്നാൽ പ്രേക്ഷകർ അത് സ്വീകരിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച അതിഥി വേഷങ്ങളിലൊന്നായാണ് മോഹൻലാലിന്റെ നിരഞ്ജൻ പറയപ്പെടുന്നത്. ആദ്യം ആ വേഷത്തിലേക്ക് രജനികാന്തിനെയും, കമൽ ഹാസനെയുമെല്ലാം പരിഗണിച്ചിരുന്നുവെങ്കിലും മോഹൻലാൽ മതിയെന്ന് നിർദേശിച്ചത് സുരേഷ് ഗോപിയായിരുന്നു.









